എറണാകുളം: സ്ത്രീകളുടെ നൂറുകവിതകളുമായി ജില്ലാ പഞ്ചായത്ത്

എറണാകുളം: അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ കവിതാസമാഹാരം 
പെണ്ണെഴുത്തിന്റെ പ്രകാശനം 30ന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പുറത്തിറക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ നൂറു കവിതാസമാഹാരം പെണ്ണെഴുത്തിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ഡിസംബര്‍ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ചിത്തിര കുസുമം മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ പ്രൊജക്ട് അവതരണവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡേണാ മാസ്റ്റര്‍ ആമുഖ പ്രസംഗവും നടത്തും.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണികുട്ടി ജോര്‍ജ്, ആശ സനല്‍, എം.ജെ ജോമി, അംഗങ്ങളായ എ.എസ് അനില്‍കുമാര്‍, ശാരദ മോഹന്‍ എന്നിവര്‍ പ്രതിഭകളെ ആദരിക്കും. മഞ്ജു സാഗര്‍, സുനിത ഖില്‍ജി, കൃഷ്ണ ബാല എന്നിവര്‍ കവിത ആലപിക്കും. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് ജോബി തോമസ് നന്ദിയും പറയും.

കവിതാ രചനയില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്തവരും അറിയപ്പെടാത്തവരുമായ ഗ്രാമീണ സ്ത്രീകളുടെ രചനകള്‍ വെളിച്ചത്തു കൊണ്ടുവരിക എന്നതാണു ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിരിക്കുന്ന പെണ്ണെഴുത്ത് എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ 15 വയസിനു മേല്‍ പ്രായമുളള വനിതകളുടെ രചനകളാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.  പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി/എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരുടെ രചനകള്‍ക്കു മുന്‍തൂക്കം നല്‍കിയാണു പെണ്ണെഴുത്ത് തയ്യാറാക്കിയിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →