മുംബൈയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ പോയിന്റ് പട്ടികയില്‍ മുന്‍നിരയിലുള്ള മുംബൈ സിറ്റി എഫ്.സിക്കു സമനില. ഗോള്‍മഴ കണ്ട മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണു മുംബൈയെ തളച്ചത്. ഇരുടീമുകളും മൂന്നു ഗോള്‍വീതം അടിച്ചു. ജമൈക്കന്‍ താരം ദെഷോണ്‍ ബ്രൗണിന്റെ ഹാട്രിക്ക് നോര്‍ത്ത് ഈസ്റ്റിനെ പരാജയത്തില്‍നിന്നു രക്ഷിച്ചു. മുംബൈക്കായി സ്പാനിഷ് താരം ഇഗോര്‍ അംഗൂളോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബിപിന്‍ സിങ് ഒരു ഗോള്‍ സ്വന്തമാക്കി.രണ്ടാം പകുതിയുടെ 52-ാം മിനിറ്റ് വരെ 3-1 നു മുന്നിലായിരുന്നു മുംബൈ. പരാജയഭീതിയില്‍ മുട്ടിടിക്കാതെ പൊരുതിയാണ് നോര്‍ത്ത് ഈസ്റ്റ് വിജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങിയത്.

29-ാം മിനിറ്റില്‍ ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യം മുന്നിലെത്തി. നാലു മിനിറ്റിനുള്ളില്‍ അംഗൂളോയിലൂടെ മുംബൈ ഒപ്പം പിടിച്ചു. 40-ാം മിനിറ്റില്‍ ബിപിന്‍ മുംബൈയെ മുന്നില്‍ക്കടത്തി. 52-ാം മിനിറ്റിലായിരുന്നു അംഗൂളോയുടെ രണ്ടാം ഗോള്‍. എന്നാല്‍, 55, 80 മിനിറ്റുകളിലെ ബ്രൗണിന്റെ ഇരട്ടപ്രഹരം മുംബൈയുടെ വിജയമോഹങ്ങള്‍ ചാമ്പലാക്കി. എട്ടുമത്സരങ്ങളില്‍ 16 പോയിന്റുമായി മുംബൈ സിറ്റിയാണു പോയിന്റ് പട്ടികയില്‍ ഒന്നാമത്. എട്ടു പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാമതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →