പാലക്കാട്∙: വാളയാറിലെ സഹോദരിമാരുടേത് ആത്മഹത്യതന്നെ എന്ന് സിബിഐ.. തുടർപീഡനങ്ങൾ മൂലമുള്ള ആത്മഹത്യയെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം നൽകി. പൊലീസ് പ്രതികളാക്കിയവരെ തന്നെയാണ് സിബിഐയും പ്രതിചേർത്തിരിക്കുന്നത്. പെൺകുട്ടികളുടെ അമ്മയുടെ പരാതിപ്രകാരം ഹൈക്കോടതി നിർദേശം അനുസരിച്ച് അന്വേഷണം ഏറ്റെടുത്ത സിബിഐ ആദ്യം അന്വേഷിച്ചത് കൊലപാതക സാധ്യതയായിരുന്നു
കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്ത്, കുട്ടികളുടെ അതേഭാരമുള്ള ഡമ്മികൾ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഇതടക്കം ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെത്തെളിവുകളും കൊലപാതക സാധ്യത തള്ളുന്നതായാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. അതേസമയം, 14ഉം 9ഉം വയസ്സുള്ള ഇരുകുട്ടികളും ഒരു വർഷത്തോളം ലൈംഗിക ഉപദ്രവത്തിന് ഇരയായെന്നും കണ്ടെത്തി.
അതിനൊപ്പം മറ്റു തെളിവുകളും ചേർന്നതോടെയാണ് തുടർപീഡനങ്ങൾ മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തിലേക്കെക്കെത്തിയത്. ആദ്യ കുട്ടിയുടെ മരണത്തിൽ വലിയ മധു, ഷിബു, കുട്ടി മധു എന്നിവരാണ് പ്രതികൾ. ഇളയകുട്ടി പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയും.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെ സംഘം ഒമ്പത് മാസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത്. എന്നാൽ കുട്ടികളുടേത് കൊലപാതകമെന്നു തന്നെയാണ് അമ്മയുടെയും സമരസമിതിയുടെയും നിലപാട്. കണ്ടെത്തലിൽ വിശ്വാസമില്ലെന്നും ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

