കോട്ടക്കൽ: കൊവിഡ് വാക്‌സിൻ എടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനെ ആർ ആർടി അംഗം മർദിച്ചതായി പരാതി. കോട്ടക്കൽ സിഎച്ച് ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിലാണ് സംഭവം. കൊൽകത്ത സ്വദേശി എസ്കെ മാഫിജുലിനിൽ നിന്ന് ആർ ആർടി അംഗം പണം ആവശ്യപ്പെട്ടതായും അത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചുവെെന്നുമാണ് പരാതി . ഇയാളുടെ സ്മാർട് ഫോൺ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഇത് സംമ്പന്ധിച്ച് മാഫിജുലിൻ കോട്ടക്കൽ പൊലീസിൽ പരാതി നൽകി. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെയാണ് ഇയാൾ ഒന്നാം ഡോസ് എടുക്കാൻ ക്യാമ്പിലെത്തിയത്. സംഭവം പറഞ്ഞപ്പോൾ ആർ ആർ ടി അംഗം ചായയും പലഹാരവും പണവും ആവശ്യപ്പെടുകയായിരുന്നുവത്രെ.
ഇതിന് വിസമ്മതിച്ച് താമസ സ്ഥലത്തെത്തി രക്ഷിതാക്കളുമായി തിരിച്ചെത്തിയ ഇദ്ദേഹം വിഷയം ആർ ആർ ടി അംഗത്തോട് സംസാരിച്ചു. ഇതിനിടെ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന് ആരോപിച്ച് ഫോൺ പിടിച്ചെടുത്തു. ദൃശ്യങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ അംഗം ഫോൺ എറിഞ്ഞുടക്കുകയായിരുന്നു വെന്ന് പരാതിയിൽ പറയുന്നു. അതേസമയം വാക്‌സീനേഷൻ ക്യാമ്പ് തടസ്സപ്പെടുത്തി എന്ന് കാണിച്ച് ആരോഗ്യ പ്രവർത്തകരും പൊലീസിൽ പരാതി നൽകി.

