ആമസോണിന് 200 കോടി പിഴ ചുമത്തി സി.സി.ഐ.

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ.ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള 2019 ലെ കരാറും സി.സി.ഐ. റദ്ദ് ചെയ്തു. റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന എഫ്.പി.സി.എല്ലും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) നല്‍കിയ പരാതിയിലാണ് ഇന്ത്യയുടെ ആന്റി ട്രസ്റ്റ് റെഗുലേറ്ററി ബോഡിയായ സി.സി.ഐയുടെ നടപടി. ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്വര്‍ റീട്ടെയില്‍ ലിമിറ്റഡിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്നതാണ് പരാതി.

2019 ലെ കരാറിന്റെ യഥാര്‍ത്ഥ ലക്ഷ്യവും വിശദാംശങ്ങളുംആമസോണ്‍ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തതായും കരാര്‍ വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണെന്നും 57 പേജുള്ള ഉത്തരവില്‍ സി.സി.ഐ. വ്യക്തമാക്കി. അതുവരെ അതിനുള്ള അംഗീകാരം താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നും സി.സി.ഐ. അറിയിച്ചു. ക്ലിയറന്‍സ് നല്‍കിയിട്ടുള്ള കരാര്‍ റദ്ദാക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് സി.സി.ഐക്ക് മുമ്പാകെ ആമസോണ്‍ വാദിച്ചതിനു പിന്നാലെയാണ് നടപടി. അനുമതി അസാധുവാക്കാനുള്ളത് കടുത്ത അധികാരമാണ്, അത് വ്യക്തമായി നല്‍കിയിട്ടില്ലെങ്കില്‍ അതോറിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നും ആമസോണ്‍ സി.സി.ഐയെ അറിയിച്ചതായും സൂചനകളുണ്ട്. കഴിഞ്ഞ വര്‍ഷം 24,500 കോടി രൂപയ്ക്ക് റിലയന്‍സ് ഗ്രൂപ്പിന് സ്വത്തുക്കള്‍ വില്‍ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് സമ്മതിച്ചതിനെത്തുടര്‍ന്ന് ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും കോടതികളില്‍ നിയമപോരാട്ടം തുടരുന്നതിനിടെയാണ് സി.സി.ഐയുടെ പുതിയ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →