ആലപ്പുഴ: ന്യായവിലയ്ക്ക് പച്ചക്കറിയുമായി കൃഷിവകുപ്പിന്റെ തക്കാളിവണ്ടി

ആലപ്പുഴ: ക്രിസ്മസ് കാലത്ത് സാധാരണ ജനങ്ങള്‍ക്ക് പഴം, പച്ചക്കറി ഇനങ്ങള്‍ ന്യായവിലയിൽ ലഭ്യമാക്കുന്നതിന്  കൃഷിവകുപ്പിന്റെ സഞ്ചരിക്കുന്ന വിപണി പര്യടനം ആരംഭിച്ചു. തക്കാളിവണ്ടി എന്നു പേരിട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റ് വളപ്പില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. ജനുവരി ഒന്ന് വരെയാണ് വിപണിയുടെ പ്രവർത്തനം.

പ്രാദേശിക വിപണി വിലയെക്കാൾ കുറഞ്ഞ വിലയിലാണ് വാഹനത്തില്‍ പച്ചക്കറികള്‍ വില്‍ക്കുന്നത്. ഇതിനായി ജില്ലാതല കമ്മിറ്റി ഓരോ ദിവസവും വില നിർണയിച്ചു നൽകുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും ഹോർട്ടികോർപ് വഴി സംഭരിക്കുന്ന ഉത്പന്നങ്ങളും വില്‍ക്കുന്നുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലാണ് സംഭരണം ഏകോപിപ്പിക്കുന്നത്.

ചടങ്ങിൽ നഗരസഭാ അധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. മേഴ്സി പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സിന്ധു, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം ജില്ലാ മാനേജർ എസ്. സിന്ധു എന്നിവർ പങ്കെടുത്തു.

വാഹനത്തിന്റെ പര്യടന ഷെഡ്യൂള്‍ ചുവടെ
ഡിസംബർ 18- ആലപ്പുഴ, 19- അമ്പലപ്പുഴ, 20, 21-  ചേർത്തല, 22 – കുത്തിയതോട്, 23- പാണാവള്ളി, 24- ഹരിപ്പാട്, 26- മാവേലിക്കര, 27- ചെങ്ങന്നൂര്‍, 28- രാമങ്കരി ,കിടങ്ങറ, 29- മങ്കൊമ്പ് ,ചമ്പക്കുളം, 30 – എടത്വാ , തകഴി, 31- മാന്നാർ, വീയപുരം, ജനുവരി 1- ആലപ്പുഴ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →