തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞു.
തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്ന് തരൂര്‍ പറഞ്ഞു.
വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നു. അത് വലിയ കാര്യമാണ്. ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം കേരളത്തിലേക്ക് വ്യവസായികളെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തിയിരുന്നു.
പക്ഷേ നിക്ഷേപകര്‍ക്ക് കേരളത്തിലേക്ക് എത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ വലിയ നിക്ഷേപകര്‍ക്കൊപ്പം ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും കേരളത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂര്‍ കൂട്ടിചേര്‍ത്തു.
നേരത്തെ കെ റെയില്‍ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പുവെച്ചിരുന്നില്ല. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ എം.പി ഒപ്പുവെക്കാതിരുന്നത്.
കെ റെയില്‍ പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതാണ് നിവേദനത്തില്‍ തരൂര്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.