അഹമ്മദാബാദ്: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേകയിനം ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായ പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് (പിപിവിഎഫ്ആർ) അതോറിറ്റിയുടേതാണ് ഉത്തരവ്. രണ്ടു വർഷം നീണ്ട കർഷക പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് അതോറിറ്റിയുടെ നടപടി.
‘അതോറിറ്റി ഉത്തരവ് ഇന്ത്യയിലെ കർഷകരുടെ ചരിത്ര വിജയമാണ്. കർഷക സ്വാതന്ത്ര്യത്തെ ഹനിച്ച് ഏതെങ്കിലും വിത്തോ ഭക്ഷണമോ മറ്റുള്ളവർക്ക് കൈമാറുന്നതിന് ഇത് തടയിടും’- വിഷയത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അലയൻസ് ഫോർ സസ്റ്റയ്‌നബ്ൾ ആന്റ് ഹോളിസ്റ്റിക് അഗ്രികൾച്ചർ കൺവീനർ കവിത കുരുഗന്തി പറഞ്ഞു. ഉത്തരവ് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് പെപ്‌സികോ പ്രതികരിച്ചു.
എഫ്എൽ 2027 (FC5) എന്നയിനത്തിൽപ്പെട്ട പ്രത്യേക തരം ഉരുളക്കിഴങ്ങിന്റെ പേറ്റന്റാണ് പെപ്‌സികോ അവകാശപ്പെടുന്നത്. ഇവ ഉണ്ടാക്കിയ ഗുജറാത്തിലെ ഒമ്പത് കർഷകരെ പ്രതി ചേർത്ത് പെപ്‌സികോ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന് കർഷകർ 4.02 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. കമ്പനി നടപടിക്കെതിരെ കർഷക സംഘടനകളും സന്നദ്ധ സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

