ന്യൂഡല്‍ഹി: പത്തുവര്‍ഷം നീണ്ടുനില്‍ക്കുന്ന സാമ്പത്തികമാന്ദ്യം വരുന്നുവെന്ന് വിദഗ്ധന്‍. പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ നോറിയല്‍ റുബീനിയാണ് ലോകരാഷ്ട്രങ്ങളെ ബാധിക്കാന്‍പോകുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നത്. യുഎസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷയുദ്ധം ഉണ്ടാവുമെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടവും വരുമാന ഇടിവും ഉണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ കുറയുമെന്നും റുബീനി പറയുന്നു.
2008ലെ സാമ്പത്തിക തകര്‍ച്ചയ്ക്കുശേഷം 10 വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിലാണ് 22 ദശലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായത്. കോവിഡ്- 19 മഹാമാരി വന്ന് രണ്ടുമാസത്തിനുള്ളില്‍ മൂന്നുകോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പല രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കൊള്ളയടിക്കുന്ന സ്ഥിതി ഉണ്ടായേക്കാം. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ മാത്രം വാങ്ങുകയും സുഖഭോഗ വസ്തുക്കള്‍ ഒഴിവാക്കുകയും ചെയ്യും. വികസിത രാജ്യങ്ങളില്‍പോലും തൊഴിലില്ലായ്മ വേതനം നിലയ്ക്കും. നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചുകിട്ടാതെയാവുകയും തൊഴിലാളികള്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ശമ്പളംനല്‍കുന്ന സ്ഥിതി വരുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനവും മഹാമാരികളും തമ്മില്‍ ബന്ധമുണ്ട്. എച്ച്‌ഐവി, സാര്‍സ്, മെര്‍സ്, എച്ച്1എന്‍1, എബോള, കോവിഡ് തുടങ്ങിയവ വന്നത് ഇങ്ങനെയാണ്. സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ ശിലായുഗം മുതല്‍ തണുത്തുറഞ്ഞിരിക്കുന്ന വൈറസുകള്‍ പുറത്തുവന്നേക്കമെന്നും അവ എന്താണു കൊണ്ടുവരുകയെന്നു പറയാനാവില്ലെന്നും റുബീനി പറയുന്നു.