ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ ഇന്ത്യയില്‍ അംഗീകൃത കറന്‍സിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ‘ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021’ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.
ചുരുക്കം ചിലതൊഴികെ ബാക്കിയെല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും രാജ്യത്ത് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ബില്‍. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്കുള്ള അനുമതി അതേപടി തുടരും.
എം.പി തിരുമാവലവന്‍ തോല്‍ ആയിരുന്നു ഇത് സംബന്ധിച്ച് ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി വഴി നടക്കുന്ന വ്യാപാരങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടോ, ഇത്തരം വ്യാപാരങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമപരമായ അനുമതിയുണ്ടോ, എന്നായിരുന്നു എം.പി ചോദിച്ചത്.
2008ലാണ് ബിറ്റ്‌കോയിന്‍ അവതരിപ്പിക്കപ്പെടുന്നത്. ബാങ്കിന്റെയോ ഏതെങ്കിലും തരത്തിലുള്ള അഡ്മിനിസ്‌ട്രേഷന്റേയോ സഹായമില്ലാതെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍.