ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു.
വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ മിതവും ന്യായവുമായ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിന് ഭക്ഷ്യ വകുപ്പിന്റെ കീഴിൽ സുഭിക്ഷാ ഹോട്ടലുകൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജനകീയ ഹോട്ടലുകൾ, ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങിയ പദ്ധതികളിലൂടെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന കേരള സർക്കാരിന്റെ നടപടികൾ രാജ്യമെമ്പാടും നടപ്പിലാക്കണമെന്നാണ് സുപ്രീം കോടതി വിധി നൽകുന്ന സന്ദേശം. ഭക്ഷ്യകിറ്റുകൾ നിർത്തുന്നു എന്ന പ്രതികരണം എവിടെയും ഉണ്ടായിട്ടില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് പട്ടിണിയകറ്റാൻ സർക്കാരിന് സാധിച്ചു. 13 തവണ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കോവിഡിന്റെ ദുരിതപൂർണ്ണമായ അന്തരീക്ഷം മാറി വരുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം നിർത്തിയത്. സാഹചര്യമനുസരിച്ച് അക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷ്യധാന്യങ്ങൾ നശിക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും.
എല്ലാ ഭക്ഷ്യധാന്യ ഗോഡൗണുകളും ശാസ്ത്രീയമായി നവീകരിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളോ മാവേലി സ്റ്റോറുകളോ ഇല്ലാത്ത സ്ഥലങ്ങളിൽ തെരെഞ്ഞെടുക്കപ്പെടുന്ന റേഷൻ കടകളിലൂടെ സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കടകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. റേഷൻ സംബന്ധമായ പരാതികൾ രേഖാമൂലം പരാതിപ്പെട്ടികളിൽ നിക്ഷേപിക്കാം. ഇത്തരം പരാതികൾ ഉദ്യോഗസ്ഥർ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.
സംസ്ഥാനത്ത് റദ്ദു ചെയ്ത റേഷൻകടകൾ സംബന്ധിച്ച ഫയലുകൾ ജില്ലാ സപ്ലൈ ഓഫീസുകളിൽ സംഘടിപ്പിക്കുന്ന ഫയൽ അദാലത്തിലൂടെ തീർപ്പാക്കും. കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ നേരിട്ട് പങ്കെടുത്തു. ജില്ലയിൽ നിന്ന് ലഭിച്ച 40 പരാതികളിൽ 13 എണ്ണം പരിഹരിച്ചു. 23 പരാതികൾ പരിഹരിക്കുന്നതിന് സമയം അനുവദിച്ചു. നാല് പരാതികൾ തള്ളി. ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി.സജിത് ബാബു, ഉത്തര മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.