റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ക്വാര്‍ട്ടറില്‍ വീണു

November 19, 2021 - 10:58 am

ന്യൂഡല്‍ഹി:: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനു തോല്‍വി. തമിഴ്നാട് കേരളത്തിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റിന് 181 റണ്ണെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. കളി തീരാന്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ കേരളത്തിന്റെ മോഹങ്ങള്‍ തകര്‍ത്ത് തമിഴ്നാട് വിജയ റണ്ണെടുത്തു. ഷാരൂഖ് ഖാന്‍ (ഒന്‍പത് പന്തില്‍ രണ്ട് സിക്സറുകളടക്കം 19) മുഹമ്മദ് മുഹമ്മദ് (ഒരു പന്തില്‍ ആറ്) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഓപ്പണര്‍ ഹരി നിശാന്ത് (22 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 32), സായ് സുദര്‍ശന്‍ (31 പന്തില്‍ 46), നായകന്‍ വിജയ് ശങ്കര്‍ (26 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 33), സഞ്ജയ് യാദവ് (22 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 32) എന്നിവരും തമിഴ്നാടിന്റെ ജയത്തിനു കാരണക്കാരായി. കേരളത്തിനു വേണ്ടി ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ 26 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. കെ.എം. ആസിഫ്, സുധീശന്‍ മിഥുന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ജലജ് സക്സേന നാല് ഓവറില്‍ 36 റണ്‍ വിട്ടുകൊടുത്തെങ്കിലും വിക്കറ്റെടുത്തില്ല. സജീവന്‍ അഖിലിന്റെ ഒരോവറില്‍ 10 റണ്ണും പിറന്നു.കേരളത്തിനെ വിഷ്ണു വിനോദിന്റെ (26 പന്തില്‍ ഏഴ് സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 65) വെടിക്കെട്ടാണു മികച്ച സ്‌കോറിലെത്തിച്ചത്.ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (43 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി. സച്ചിന്‍ ബേബിയും (32 പന്തില്‍ 33) മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ സഞ്ജു സാംസണ്‍ റണ്ണെടുക്കാതെ പുറത്തായി. തമിഴ്നാടിനു വേണ്ടി സഞ്ജയ് യാദവ് രണ്ട് വിക്കറ്റും മുരുഗന്‍ അശ്വിന്‍, മുഹമ്മദ് മുഹമ്മദ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ബംഗാളിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് കര്‍ണാടകയും സെമി ഫൈനലില്‍ കടന്നു.

ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ബംഗാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അതേ സ്‌കോറിലെത്തിനിന്നു. സൂപ്പര്‍ ഓവറില്‍ കര്‍ണാടക എട്ട് റണ്ണെടുത്തു. ബംഗാള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്ണാണെടുത്തത്.
20 നു നടക്കുന്ന സെമി മത്സരങ്ങളില്‍ ഹൈദരാബാദ് തമിഴ്നാടിനെയും കര്‍ണാടക വിദര്‍ഭയെയും നേരിടും. ഹൈദരാബാദ് ഗുജറാത്തിനെ 30 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റിന് 158 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്തിന് 128 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. വിദര്‍ശ രാജസ്ഥാനെ ഒന്‍പത് വിക്കറ്റിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്ണുമെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *