പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പട്ടാപ്പകൽ വീട്ടിലേക്ക് ഓടിക്കയറിയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാർക്കാടിനടുത്തെ കണ്ടമംഗലത്താണ് സംഭവം. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 2021 നവംബർ 18 വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
കണ്ടമംഗലത്തെ ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം പന്നി ഓടിക്കയറിയത്. വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ചിന്നമ്മയ്ക്ക് ആദ്യം എന്താണ് സംഭവം എന്ന് മനസ്സിലായില്ല. എന്നാൽ കാട്ടു പന്നിയാണെന്ന് മനസ്സിലായതോടെ അടുത്ത മുറിയിൽ കയറി കതകടക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ പന്നി തൊട്ടടുത്തുള്ള വയലിൽ പണിയെടുത്തിരുന്ന ജോർജ്ജിനെയും ആക്രമിക്കുകയായിരുന്നു.
രണ്ടുപേരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പട്ടാപ്പകലും ഇത്തരത്തിൽ കാട്ടുപന്നികൾ വീടുകളിൽ കയറിത്തുടങ്ങിയതോടെ ഇതിന് പ്രതിരോധ സംവിധാനംഎത്രയും പെട്ടെന്ന് തന്നെ വേണമെന്നാണ് നാട്ടുകാർ പറയുന്നത്. കാടുമായി വേർതിരിക്കുന്ന പ്രദേശങ്ങളിൽ സൗരോർജ്ജ വേലി പോലെയുള്ള സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

