തിരുവനന്തപുരം∙ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന, ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇലക്ട്രോണിക്സ്, ഐടി മേഖലയിൽ രാജ്യത്തു പുതുതായി എട്ടു ലക്ഷം അവസരങ്ങളാണു തുറന്നതെന്നും ഇതു പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോവിഡാനന്തര കാലത്ത് രാജ്യത്ത് കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ രൂപപ്പെടുകയാണ്. ചൈനയെ ചുറ്റിപറ്റി നിന്നിരുന്ന കമ്പനികൾ ഇന്ത്യ, വിയറ്റ്‌നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പ്രവർത്തനം മാറ്റുന്നു. ഇത് ഉപയോഗപ്പെടുത്താൻ കഴിയണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സാധ്യത പ്രയോജനപ്പെടുത്തണം. വളർച്ച, നിക്ഷേപ സൗഹൃദം, വൈദഗ്ധ്യം എന്നിവ സംസ്ഥാനങ്ങൾ വികസിപ്പിച്ചാൽ കൂടുതൽ അവസരങ്ങൾ തേടിവരും. ഇത്തരം തൊഴിൽ സാധ്യതകൾ ഇവിടെ എത്തിയില്ലെങ്കിൽ കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കു പോകും. അതു രാജ്യത്തിനു ഗുണകരമാകില്ല. ഇതുൾക്കൊണ്ടാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്.
കേരളത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകർ തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുള്ളവരുടെ കാഴ്ചപ്പാട് കേരളം നിക്ഷേപ സൗഹൃദമല്ലെന്നാണ്. ദക്ഷിണേന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകയുമാണു തിരഞ്ഞെടുക്കുന്നത്. അതേസമയം, എൻജിനീയറിങ്, ഐടി മേഖലയിൽ മികവു പുലർത്തുന്നവർ കൂടുതൽ കേരളത്തിലാണുള്ളത്. എന്നാൽ അവർ മറ്റു സംസ്ഥാനങ്ങളിലേക്കു തൊഴിൽ തേടാൻ നിർബന്ധിതരാകുന്നു. കാഴ്ചപ്പാടിന്റെ പേരിലാണു നിക്ഷേപകർ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

