ചാലക്കുടി : ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെയും തസ്‌തികയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ഡെന്റല്‍ സര്‍ജന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് മെയ്, ജൂണ്‍ മാസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ സ്‌പെഷല്‍ കാഷ്വല്‍ അവധിയെടുത്തിരുന്നു. എന്നാല്‍ സ്‌പെഷല്‍ കാഷ്വല്‍ അവധിക്ക് ദന്ത ഡോക്ടര്‍ക്ക് അര്‍ഹതയില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് നര്‍ദ്ദേശിക്കുകയും ചെയ്‌തു. സ്‌പെഷല്‍ കാഷ്വല്‍ ലീവ് അനുവദിക്കാതെ സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയക്കുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവധിയപേക്ഷയില്‍ തീരുമാനമെടുക്കാതെ ആരോഗ്യ ഡയറക്ടര്‍ക്ക് കൈമാറി.
ഭിന്നശേഷി അവകാശ ലംഘനത്തിനും പാര്‍ശ്വ വല്‍ക്കരിക്കുന്നതിനും ഇടയായി എന്ന പരാതിയുമായാണ് ദന്തല്‍ സര്‍ജന്‍ കമ്മീഷണറെ സമീപിച്ചത്. അതോടൊപ്പം മെയിലെ ശമ്പളം തടഞ്ഞുവച്ചതിനും പരാതി നല്‍കി. ഭിന്നശേഷിക്കാരുടെ അവകാശ ലംഘനത്തിന് കാരണക്കാരായ ഡിഎംഒ, ആശുപത്രി സൂപ്രണ്ട്, എന്നിവരുടെ പ്രവര്‍ത്തികളെപ്പറ്റി അന്വേഷിക്കാന്‍ ഗവ.അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലയിലുളള യാതൊരു തസ്‌തികയിലും ഇവെര നിയമിക്കാന്‍ പാടില്ലെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. കാഷ്വല്‍ ലീവും, ലീവുകാലത്തെ ശമ്പളവും ആരോഗ്യവകുപ്പ് ഡയറക്ടര്‍പ്രത്യേക ഉത്തരവ് നല്‍കി അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

