ജോജുവിന്റെ വാഹനം തകര്‍ത്ത കേസ്; ടോണി ചമ്മണിക്കെതിരെ എഫ്.ഐ.ആര്‍, അറസ്റ്റ് ഉടനുണ്ടായേക്കും

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ ദേശീയപാത ഉപരോധിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തുവെന്ന കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്.ഐ.ആര്‍.

ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ജോജുവിനെ കൈയേറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ജോജുവിന്റെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ടോണി ചെമ്മണിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന .

റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിന് നേതൃത്വം കൊടുത്തത് ടോണി ചമ്മിണിയാണെന്നുമാണ് എഫ്.ഐ.ആര്‍. കാറിന്റെ ചില്ല് തകര്‍ത്തത് കണ്ടാല്‍ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് ജോജു മൊഴി നല്‍കിയിരുന്നു.

ടോണി ചമ്മണിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റര്‍ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു.

ജോജുവിനെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ല. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് തൊട്ടിട്ടുപോലുമില്ലെന്നും ടോണി ചമ്മിണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →