കോൺഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണം : കോൺഗ്രസ് നേതാക്കൾക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. നടൻ ജോജുവിന്റെ പരാതിയിൽ മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതികൾക്കെതിരേ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്. ചമ്മിണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്‍റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തുവെന്നും എഫ്.ഐ.ആർ പറയുന്നു. പോലീസ് കണക്കുകൂട്ടൽ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്.

വഴിതടഞ്ഞുകൊണ്ട് സമരം നടത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് നടൻ ജോജു ആക്രമിക്കപ്പെട്ടത്. ഇന്ധനവില വർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് ജോജു അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു ആവർത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും നടൻ മാധ്യമപ്രവർത്തകരോടും പ്രതികരിച്ചു.

ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയിൽ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. ജോജു മദ്യപിച്ചിരുന്നുവെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പരാതി. എന്നാൽ നടൻ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →