തിരുവനന്തപുരം: അനുപമയുടെ പരാതിയില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്. ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെണ്‍കുട്ടികള്‍ ശക്തരാകണമെന്നാണ് താന്‍ പറഞ്ഞത്. അത് തെറ്റായി വ്യഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.
‘എന്റെ മക്കളെ വളര്‍ത്തിയതുപോലെ മറ്റ് പെണ്‍കുട്ടികളും ബോള്‍ഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ വീണുപോകരുത്’. മന്ത്രി പറഞ്ഞു.
പേരൂര്‍ക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനും എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയില്‍ മറ്റ് പ്രതികരണങ്ങള്‍ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കല്യാണം കഴിഞ്ഞ് രണ്ടുംമൂന്നും കുട്ടികളുണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതുപോരാഞ്ഞിട്ട് വളരെ ചെറുപ്പമായ മറ്റൊരു കുട്ടിയെ പ്രേമിക്കുക, അതിലും കുട്ടിയുണ്ടാക്കി കൊടുക്കുക, അതെല്ലാം ചോദ്യം ചെയ്ത അച്ഛന് ജയിലില്‍ പോവുക- ആ മാതാപിതാക്കളുടെ മനോനില മനസിലാക്കണം’. എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

