തിരുവനന്തപുരം: ലാത്വിയൻ സ്വദേശിനിയുടെ കൊലപാതകത്തിൽ കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞു. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടാൽ പരിഗണിക്കാം. സെഷൻസ് കോടതി കേസ് 2022 ഫെബ്രുവരി 18 ലേക്ക് മാറ്റിയിരിക്കയാണ് എന്നും വി ഡി സതീശന്റെ സബ് മിഷനുളള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ലാത്വിയൻ സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് കഴിയുന്ന സാഹചര്യം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കോവളത്ത് വിദേശവനിതയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രം യഥാസമയം നൽകാത്തതിനാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ സ്വതന്ത്രരായി ജീവിക്കുകയാണ്. വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്നും വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടുകയുള്ളുവെന്നും ഇവർ പറഞ്ഞു.
2018 മാർച്ച് 14 നാണ് കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടിൽ തള്ളിയത് ഉമേഷ്, ഉദയൻ എന്നീ യുവാക്കളാണ്. യുവതിയെ കാണാതായി ഒരു മാസത്തോളമായപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പല കാരണങ്ങളാൽ കുറ്റപത്രം വൈകി. കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികൾ മൂന്ന് വർഷമായി സ്വതന്ത്രരായി കഴിയുകയാണ്. സർക്കാരും പൊലീസും നൽകിയ ഉറപ്പിലാണ് കുറ്റപത്രം സമർപ്പിച്ച ഉടൻ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ അധികൃതരുടെ അലംഭാവം മൂലം കേസിൽ ഒന്നും സംഭവിച്ചില്ല