അധിക്ഷേപകരമായ പരാമർശങ്ങൾ ;
കെ. മുരളീധരനെതിരെ പൊലീസില്‍ പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ പൊലീസില്‍ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെ. മുരളീധരനെതിരെ കേസ് എടുത്തിട്ടില്ല. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എം.പിയ്ക്കെതിരെ കേസ് എടുക്കുകയെന്ന് പൊലീസ് പറഞ്ഞു.

ആര്യ രാജേന്ദ്രനെതിരായ കെ. മുരളിധരന്റെ അധിക്ഷേപാര്‍ഹമായ പരാമര്‍ശത്തിനെതിരെ ഇടതുസംഘടനകളും നേതാക്കളും രംഗത്തുവന്നിരുന്നു. മുരളീധരന്‍ പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തണമെന്ന് മുന്‍ മന്ത്രി പി.കെ. ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്തടിസ്ഥാനത്തിലാണ് ഭരണാധികാരിയായി തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചു.

‘തന്റേടം, പ്രായത്തില്‍ കവിഞ്ഞ പക്വത, ആര്‍ജ്ജവം, നഗരസഭക്കകത്ത് ഉയര്‍ന്നുവരുന്ന ഏത് പ്രശ്നത്തേയും സമചിത്തതയോടെ നേരിടാനുള്ള ഔചിത്യ ബോധം എന്നിവയൊക്കെ ആര്യയുടെ സവിശേഷതയായി എല്ലാവരും നോക്കിക്കണ്ട് അഭിനന്ദിച്ചു.

അത്തരം ഒരുഘട്ടത്തില്‍ ജനപ്രതിനിധിയായി ഉന്നത പദവിയിലിരിക്കുന്നവര്‍ അവരേക്കാള്‍ ഉന്നത സ്ഥാനത്ത് ഭരണാധികാരിയായിരിക്കുന്ന ആര്യയെ ഈ രൂപത്തില്‍ അപമാനിച്ചും അധിക്ഷേപിച്ചും സംസാരിച്ചത് പ്രതിഷേധാര്‍ഹമാണ്.

തെറ്റായ ഒരു വാക്കു പോലും മേയറുടെ നാക്കില്‍ നിന്ന് വന്നിട്ടില്ല. എന്തടിസ്ഥാനത്തിലാണു ഭരണാധികാരിയായി തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നതെന്നും പി.കെ. ശ്രീമതി ചോദിച്ചിരുന്നു.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ വാക്കുകൾ.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →