ദമ്മാം: സൗദിയില്‍ ഭര്‍ത്താവ് വെന്റിലേറ്ററിലായതിഞ്ഞ് മനോവിഷമത്തിലായ ഭാര്യയും കുഞ്ഞും ഫ്ലാറ്റില്‍ മരിച്ചനിലയില്‍. മദീന വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലിചെയ്തുവരുകയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മദീനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബിജു. ബിജുവിനെക്കുറിച്ച് നാലുദിവസമായി വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടില്‍നിന്ന് സഹോദരി വിളിച്ച് സുഹൃത്തുകളോട് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോഴാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടതായി അറിയുന്നത്.
ബിജുവിന്റെ മാതാവും ഭാര്യയും കുഞ്ഞുമാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്നത്. മാതാവ് വീടിനുപുറത്തുവന്ന് മരുമകളും കുഞ്ഞും കുളിമുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയാണെന്നും തുറക്കുന്നില്ലെന്നും അയല്‍വാസികളോട് അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരമറിയിച്ചത് അനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് അവശനിലയിലായ ബിജുവിന്റെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

