രോഗിയായ ബാലനെ മുളകൊണ്ടുള്ള കട്ടിലില്‍ ചുമന്ന് കുടിയേറ്റതൊഴിലാളി കുടുംബം നടന്നത് 800 കിലോമീറ്റര്‍

ന്യുഡല്‍ഹി: രോഗിയായ ബാലനെ മുളകൊണ്ടുള്ള കട്ടിലില്‍ ചുമന്ന് കുടിയേറ്റതൊഴിലാളി കുടുംബം നടന്നത് 800 കിലോമീറ്റര്‍. ലോക്ഡൗണിനെ തുടര്‍ന്ന് വേലയും കൂലിയുമില്ലാതായതോടെ സ്വദേശത്തേക്ക് പലായനം ചെയ്യുന്ന ഒരു കുടുംബത്തിന്റെ ദയനീയ സ്ഥിതിയാണ് ഇതിലൂടെ പുറത്തുവരുന്നത്. ലുധിയാനയില്‍നിന്ന് മധ്യപ്രദേശിലെ സിഗ്രൗളിയിലേക്ക് 1300 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ദൂരമത്രയും കാല്‍നടയായി പോകാനാണ് 17 അംഗ കുടുംബം പുറപ്പെട്ടത്. ഒപ്പം ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ ഒരു കുട്ടിയെ മുളകൊണ്ട് കെട്ടിയുണ്ടാക്കി സ്ട്രക്ചറില്‍ ചുമന്നുകൊണ്ടാണ് യാത്ര.

ദിവസക്കൂലിക്ക് ജോലി ചെയ്തുവന്നവരാണ് ഇവര്‍. ആവശ്യത്തിന് ആഹാരമോ വെള്ളമോ പണമോ കാലില്‍ ചെരുപ്പുപോലുമോ ഇവരുടെ കൈവശമില്ല. 800 കിലോമീറ്റര്‍ പിന്നിട്ട് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എത്തിയപ്പോള്‍ ഇവരുടെ ദയനീയ സ്ഥിതികണ്ട് സഹായിക്കാന്‍ പോലീസ് തയ്യാറായി. ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു ട്രക്ക് പോലീസ് ഏര്‍പ്പെടുത്തിക്കൊടുത്തു. ലുധിയാനയില്‍നിന്നു നടക്കാന്‍ തുടങ്ങിയിട്ട് 15 ദിവസമായെന്ന് സംഘത്തിലെ ഒരംഗം പറഞ്ഞു. സ്‌ട്രെക്ചറില്‍ കിടക്കുന്ന കുട്ടിയുടെ കഴുത്ത് ഒടിഞ്ഞതാണെന്നും അവന് തനിയെ നടക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് തങ്ങളൊരു സ്‌ട്രെക്ചറുണ്ടാക്കി അവനെ ചുമന്നുകൊണ്ടുപോകുന്നതെന്ന് ഇവര്‍ പറയുന്നു.

സംഘത്തില്‍ വേറേയും കുട്ടികളുണ്ട്. വയറുനിറയെ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്നും അവര്‍ പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയും കൂലിയുമില്ലാതായ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഓരോ സംസ്ഥാനത്തുനിന്നും കാല്‍നടയായി സ്വദേശത്തേക്കു മടങ്ങുന്നത്. വഴിയില്‍ നിരവധി പേര്‍ അപകടങ്ങളില്‍പ്പെട്ട് ദിവസവും മരണപ്പെടുന്നു

Share
അഭിപ്രായം എഴുതാം