മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 27 ആയി

തിരുവനന്തപുരം: കൊക്കയാറില്‍ കാണാതായ 4 വയസുകാരന്‍ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറില്‍ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി.

തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 27 ആയി.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് 35 പേര്‍ മഴക്കെടുതിയില്‍ മരിച്ചെന്നാണ് പറയുന്നത്.

കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരിച്ചുവെന്നാണ് കണക്കുകള്‍.

കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തിയതോടെയാണ് കക്കി ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ മുപ്പത് സെമീ വീതം തുറന്നു കൊടുത്തത്.

ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സ്ഥിതിക്ക് പമ്പയില്‍ പത്ത് മുതല്‍ പതിനഞ്ച് സെമീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ടയുടെ ചുമതലുയള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും റവന്യൂ മന്ത്രി കെ.രാജനും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →