സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് വി ഡി സതീശൻ; പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നത് ഏകാധിപതികളുടെ ഭാഷ

തിരുവനന്തപുരം: പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പദ്ധതി സുതാര്യമല്ലാത്തതു കൊണ്ടാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം കോടി രൂപയുടെ കൂടി ബാധ്യതയുണ്ടാകുമെന്നാണ് നീതി ആയോഗിന്റെ കണ്ടെത്തല്‍. നാഷണല്‍ ഹൈവെ വീതി കൂട്ടാന്‍ പണമില്ലാത്തവര്‍ ഇത്രയും വലിയ തുക എവിടെ നിന്ന് കണ്ടെത്തും? കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വെ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്രയും ധൃതി കാട്ടുന്നത്? 64941 കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തെ തെക്ക്- വടക്ക് വന്‍മതിലായി വെട്ടിമുറിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപകടകരമായ വശങ്ങളെക്കുറിച്ച് പഠിക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെപ്പറ്റി നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. എം.കെ. മുനീര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഇത് സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. എതിര്‍ക്കുന്നവര്‍ മുഴുവന്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഇവിടെ വിലപ്പോവില്ല. എന്തിനെയും എതിര്‍ക്കുന്ന സ്വഭാവം എന്ന തൊപ്പി നിങ്ങളുടെ തലയില്‍ വച്ചാല്‍ മതി. എഴുപതുകള്‍ മുതല്‍ ഈ നാടിന്റെ പുരോഗതിയെ നിസാരമായ കാരണങ്ങള്‍ പറഞ്ഞ് അട്ടിമറിച്ച ആളുകള്‍ പുതിയ വികസനത്തിന്റെ സന്ദേശവുമായി പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →