മുംബൈ: ഓഹരി വിപണിയില്‍ റെക്കോഡ് തിരുത്തല്‍ തുടര്‍ക്കഥ. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ്നേട്ടം നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സെന്‍സെക്സ് ലാഭത്തില്‍ ഇടപാടുകള്‍ അവസാനിപ്പിക്കുന്നത്. പുതിയ ഉയരം കുറിച്ചുള്ള പ്രയാണത്തില്‍ ബോംബെ സെന്‍സെക്സ് ഇന്നലെ ഇടപാടുകള്‍ അവസാനിപ്പിച്ചത് 60,284.31 പോയിന്റില്‍. ഓഹരിവിലയില്‍ അഞ്ചു ശതമാനത്തിലധികം നേട്ടം സ്വന്തമാക്കിയ ടൈറ്റനാണ് സെന്‍സെക്സ് ഓഹരികളില്‍ കരുത്തുകാട്ടിയത്. ബജാജ് ഓട്ടോ, ബജാജ് ഫിന്‍സെര്‍വ്, എസ്.ബി.ഐ, നെസ്ലെ ഇന്ത്യ, ഐ.ടി.സി, ആക്സിസ് ബാങ്ക് ടാറ്റാ സ്റ്റീല്‍ എന്നിവ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18,000 പോയിന്റെന്ന സ്വപ്ന നേട്ടത്തിനരികെയാണ്.വില്‍പ്പന സമ്മര്‍ദത്തില്‍ പ്രതീക്ഷാനിര്‍ഭരമായിരുന്നില്ല ഇന്നലെ വ്യാപാരത്തുടക്കം. എന്നാല്‍, അവസാന മണിക്കൂറുകളില്‍ ഇടപാടുകാര്‍ ഓഹരി വാങ്ങലിലേക്കു തിരിഞ്ഞത് സൂചികകള്‍ പുതിയ ഉയരത്തില്‍ തുടരാന്‍ സഹായിച്ചു. 148.53 പോയിന്റ് നേട്ടമാണ് ഇന്നലെ സെന്‍സെക്സ് സ്വന്തമാക്കിയത്.
46 പോയിന്റിന്റെ നേട്ടത്തില്‍ എക്കാലത്തെയും മികച്ച നിലയായ 17,991.95 പോയിന്റില്‍ നിഫ്റ്റി ഇന്നലത്തെ വ്യാപാരദിനം അവസാനിപ്പിച്ചു.
ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് കുട്ടികളിലെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതാണ് ഓഹരിവിപണിയിലെ അനുകൂലതരംഗത്തിനു പ്രധാനകാരണം.

