കോഴിക്കോട്:കാഞ്ഞങ്ങാട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ ഹരീഷി(21)നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ബിഎ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ജനുവരിയില്‍ അഞ്ജനയെ കാഞ്ഞങ്ങാട്ടെ ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടുകാരിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ സത്യഗ്രഹം നടത്തിയിരുന്നു. പിന്നീട് അഞ്ജന കൂട്ടുകാര്‍ക്കൊപ്പം പോയി.
കഴിഞ്ഞ ഫെബ്രുവരിയില്‍ മകളെ കാണാനില്ലെന്നുകാട്ടി അമ്മ മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. അഞ്ജനയുടെ ഇഷ്ടമനുസരിച്ച് ഗാര്‍ഗി എന്ന സുഹൃത്തിനൊപ്പം കോടതി അഞ്ജനയെ വിട്ടയച്ചു. അതിനുശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ലോക്ക്ഡൗണിനു മുമ്പ് കൂട്ടുകാര്‍ക്കൊപ്പം അഞ്ജന ഗോവയില്‍ പോയതായി വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.