കൊച്ചി : നോക്കുകൂലിക്കെതിരെ ശക്തമായ താക്കീതുമായി കേരള ഹൈക്കോടതി. നോക്കുകൂലിയെന്ന വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്ന് പറഞ്ഞ ഹൈക്കോടതി നോക്കുകൂലി തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധക്ഷനായ സിംഗിള്‍ ബെഞ്ചാണ് നോക്കുകൂലി സമ്പ്രദായത്തിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലത്തെ ഒരു ഹോട്ടലുടമ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിവേണം. കേരളത്തിലേക്കു വരാന്‍ നിക്ഷേപകര്‍ മടിക്കുന്നുവെന്നും ഈ സാഹചര്യം മാറണമെന്നും കോടതി പറഞ്ഞു. കേരളത്തില്‍ ഒരു മിലിറ്റന്റ് ട്രേഡ് യൂണിയനിസം നടക്കുന്നവെന്ന പ്രതിച്ഛായയാണുളളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തൊഴിലുടമ തൊഴില്‍ നിഷേധിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കണ്ടത്. തൊഴില്‍ നിഷേധത്തിനുളള പ്രതിവിധി അക്രമമല്ല. വിഎസ് എസിലേക്കുളള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന് കോടതി പറഞ്ഞു. നോക്കുകൂലിക്കെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ കൂടിവരികയാണെന്നും സര്‍ക്കാര്‍ നോക്കുകൂലി നിരോധിച്ചിട്ടും ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നത് അദ്‌ഭുതപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു.

