തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ 35 ലക്ഷം രൂപയുടെ നികുതിപണ വെട്ടിപ്പ് നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ തുക തിരികെപിടിക്കുമെന്ന് മേയര്‍ പറയുമ്പോഴും ഇത് എങ്ങനെ സാധ്യമാകുമെന്നതിന് വ്യക്തതയില്ല. കരമടച്ചിട്ടും പുതിയതായി നിര്‍മിച്ച വീടിന്‍രെ വിവരങ്ങള്‍ പോലും നഗരസഭയുടെ പക്കലില്ലെന്നറിഞ്ഞ് അമ്പരന്നു നില്‍ക്കുകയാണ് ജനം . അടച്ച വീട്ടുകരത്തിന്റെ പിഴത്തുക കണ്ട ഞെട്ടിയിരിക്കുകയാണ് പലരും.
പൗഡിക്കോണം സ്വദേശിയായ ബിനുവിന് 2019 സെപ്തംബറിലാണ് വീടിന് നമ്പര്‍ അനുവദിച്ച കിട്ടിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇദ്ദേഹം കൃത്യമായി വീട്ടുകരം അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഗരസഭയുടെ തട്ടിപ്പിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ നഗരസഭയിലെത്തിയ ബിനുവിന് 14,032 രൂപ അടക്കേണമെന്ന വിവരമാണ് ലഭിച്ചത്. അടച്ച മുഴുവന്‍ തുകയുടെയും രസീത് കയ്യില്‍ വെച്ച് ഇനിഎന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അദ്ദേഹം. ബാങ്കില്‍ ജോലി ചെയ്യുന്ന ആളാണ് ബിനു.
ഓണ്‍ലൈനായി പണമടക്കാന്‍ നഗരസഭ പോര്‍ട്ടല്‍ തയ്യാറാക്കിയപ്പോള്‍ മുതല്‍ താന്‍ മുമ്പടച്ച തുകയുടെ വിവരങ്ങള്‍ ഒന്നും അതില്‍ കാണിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുമെന്നും അടുത്ത തവണ മുതല്‍ ഓണ്‍ലൈനായി വീട്ടുകരം അടക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഓഫീസിലെത്തി കരമടക്കുമ്പോള്‍ രസീതിന്റെ കമ്പ്യൂട്ടര്‍ പ്രിന്റിന് പകരം കൈകൊണ്ട് എഴുതി സീല്‍ പതിപ്പിച്ച രസീതാണ് നല്‍കിയിരുന്നത്. ഇതിലെ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്നും പറഞ്ഞിരുന്നു.
ഇതിനിടെ മുഖ്യ പ്രതിപക്ഷമായ ബിജെപി ഓക്ടോബര്‍ 8 മുതല്‍ സമരം പൊതു ഇടങ്ങലിലേക്ക് വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. യൂഡിഎഫ് നഗരസഭക്ക് മുന്നില്‍ ധര്‍ണയുമായി സമരത്തിലെത്തി കഴിഞ്ഞു

