ചെന്നൈ : ചെന്നൈയില്‍ നിര്‍മാണ തൊഴിലാളിയായ ബപന്‍ ഭട്ടാചാര്യ(30)യാണ് 1600 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി ചെന്നൈയില്‍ നിന്നും പശ്ചിമ ബംഗാളിലുള്ള ഹാല്‍ദിയയിലെത്തിയത്. നാലു വയസു മാത്രം പ്രായമുള്ള മകന്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അസുഖം അധികമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വന്നു. ഇതറിഞ്ഞ ഉടനെ കൂട്ടുകാരന്റെ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചു. പത്തു ദിവസം കൊണ്ടാണ് ചൗള്‍ഖോലയിലെ ഭാര്യ വീട്ടിലെത്തുന്നത്. ചൗള്‍ഖോലയില്‍ നിന്ന് 62 കിലോമീറ്റര്‍ ദൂരെയാണ് ഹാല്‍ദിയ.

ഒരു ദിവസം 160 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടുമായിരുന്നു. രാത്രികളില്‍ പാതയോരത്തെ ഭക്ഷണശാലകളിലോ ക്ഷേത്രങ്ങളുടെ മുമ്പിലോ ആയിരുന്നു കിടന്നിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ മകന്റെ ഫോട്ടോ കാണിച്ച് വിവരം പറയുമ്പോള്‍ പോലീസുകാര്‍ ഭക്ഷണം കൊടുക്കുമായിരുന്നു. ഇത്രയും കഷ്ടപ്പെട്ട് മകനെ കാണാനുള്ള ആഗ്രഹത്തില്‍ ചൗള്‍ഖൗലയിലെത്തിയ ഭട്ടാചാര്യയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് ഹാല്‍ദിയയില്‍ നിര്‍ബന്ധിത ക്വാറന്റൈനിലായി.
മകനെ കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഭട്ടാചാര്യ. ഇങ്ങനെയൊരവസ്ഥയില്‍ ഭര്‍ത്താവിന് തന്റെയടുത്തെത്താന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ ഭാര്യ ഷഹാനയും. പരിശോധനഫലം നെഗറ്റീവാണെന്നറിഞ്ഞാല്‍ ഉടനെ മകന്റേയും ഭാര്യയുടേയും അടുത്തെത്തിക്കാമെന്ന് ഹാല്‍ദിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ തന്മയ് മുഖര്‍ജി വ്യക്തമാക്കി.

