ഗര്‍ഭിണിയായ 28കാരിയും ഒരു വയസുള്ള മകനും സുഹൃത്തിന്റെ വസതിയില്‍ കുത്തേറ്റു മരിച്ച നിലയില്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കല്‍ക്കാജി പ്രദേശത്ത് 5 മാസം ഗര്‍ഭിണിയായ 28കാരിയെയും ഒരു വയസുള്ള മകനെയും വനിതാസുഹൃത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിഷ്‌കല്‍ സുമാബാവാ (28), മകന്‍ മാനസ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തി.

‘കിടക്കയില്‍ യുവതിയുടെ മൃതദേഹത്തിന് തൊട്ടടുത്താണ് മകന്റേയും മൃതദേഹം കിടന്നിരുന്നത്. യുവതിയുടെ വനിതാ സുഹൃത്തിന്റെ വീട്ടിലാണ് സംഭവമുണ്ടായത്. മരിച്ച യുവതിയുടെ ഭര്‍ത്താവ് വിനയ് ആണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതെന്ന്’ പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

ഭര്‍ത്താവ് വിനയ് ചൗഹാനൊപ്പം ഗ്രേറ്റര്‍ കൈലാഷിലായിരുന്ന മിഷ്‌കല്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് വീട്ടിലേക്ക് വന്നതെന്ന് ഉസ്‌ബെക് സ്വദേശിനിയായ സുഹൃത്ത് മത്ലുബ മദുസ്‌മോനോവ പൊലീസിനോട് പറഞ്ഞു. 2 വര്‍ഷം മുന്‍പായിരുന്നു വിനയ് ചൗഹാന്റെയും മിഷ്‌കലിന്റെയും വിവാഹം നടന്നത്. ഗെസ്റ്റ് ഹൗസുകള്‍ നടത്തുന്നയാളാണു വിനയ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഗര്‍ഭവുമായി ബന്ധപ്പെട്ട് തനിക്കു വയര്‍ വേദനിക്കുന്നതായി മിഷ്‌കല്‍ 20/09/21 തിങ്കളാഴ്ച രാത്രി വിനയ്നോട് പരാതിപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തൊട്ടുപിന്നാലെ, സുഹൃത്ത് വാഹിദിനെ കാണാനായി വിനയ് വീട്ടില്‍നിന്നു പുറത്തുപോയി. ഇതേസമയം, മിഷ്‌കല്‍ തന്റെ സുഹൃത്ത് മത്ലുബ മദുസ്‌മോനോവയെ വിളിച്ചുവരുത്തി. മറ്റൊരു സുഹൃത്ത് അവിനിഷിനൊപ്പം ആശുപത്രിയില്‍ പോയി.

ആശുപത്രി സന്ദര്‍ശനത്തിനുശേഷം, മിഷ്‌കലിനെയും മകനെയും മത്ലുബ തന്റെ വീട്ടിലേക്കു കൊണ്ടുവന്നു. മത്ലുബയുടെ കൂടെ റൂം ഷെയര്‍ ചെയ്യുന്ന മറ്റൊരാളും ഇവിടെയുണ്ടായിരുന്നു. അന്ന് രാത്രി രണ്ടു പൊതുസുഹൃത്തുക്കള്‍ രാത്രിയില്‍ ഇവരെവന്നു കണ്ടുമടങ്ങുകയും ചെയ്തു. ആശുപത്രിയില്‍ പോയതിനെപ്പറ്റിയും സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതിനെക്കുറിച്ചും മിഷ്‌കല്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു. അതിനുശേഷമാണ് മിഷ്‌കലും മകനും കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

‘യുവതിയും കുഞ്ഞും കൊല്ലപ്പെട്ടെന്ന ഫോണ്‍ കോള്‍ കിട്ടിയതനുസരിച്ചാണ് പൊലീസ് കല്‍ക്കാജിയിലെ സംഭവസ്ഥലത്ത് എത്തിയത്. മുറിവുകളോടെ ചോരയൊലിച്ച് കിടക്കുന്ന മൃതദേഹങ്ങളാണ് കിടക്കയില്‍ കണ്ടെത്തിയത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്, പിടികൂടാനുള്ള ശ്രമത്തിലാണ്. കൊലപാതകത്തിന്റെ കാരണമെന്തെന്നും അന്വേഷിക്കുന്നുണ്ട്’ ഡി സി പി ആര്‍ പി മീണ പറഞ്ഞു.

വീടിന് പരിസരത്തു സി സി ടി വി ഇല്ല. സംഭവത്തില്‍ പുറമേനിന്നാരും ഇടപെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്നു പൊലീസ് അഭിപ്രായപ്പെട്ടു. സ്ഥലത്തു ക്രൈം, ഫൊറന്‍സിക് വിഭാഗങ്ങളും പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →