ന്യൂയോര്‍ക്ക്: ലോകചരിത്രം തന്നെ മാറ്റിയെഴുതിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ സ്മരണാഞ്ജലിയുമായി അമേരിക്കന്‍ ജനത. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തേത്തുടര്ന്ന് അഫ്ഗാനില്‍ അധിനിവേശം നടത്തി താലിബാനെ തുരത്തിയ അമേരിക്ക അതേ താലിബാന് വീണ്ടും അധികാരത്തിലെത്താന്‍ വഴിയൊരുക്കിയ വേളയിലാണ് ഇരുപതാം വാര്‍ഷികം എന്നതും ശ്രദ്ധേയം.
വിമാനങ്ങള്‍ റാഞ്ചി അല്‍ ക്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയ യു.എസിലെ മൂന്നിടങ്ങളിലും ഹൃദയഭേദകമായ അനുസ്മരണച്ചടങ്ങുകള്‍ നടന്നു. വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തുവിട്ട വീഡിയോസന്ദേശത്തില്‍ അമേരിക്കന്‍ ജനതയോട് തങ്ങളുടെ ഏറ്റവും വലിയ ശക്തിയായ ഐക്യം പ്രകടിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ െബെഡന്‍ ആവശ്യപ്പെട്ടു.
അല്‍ ക്വയ്ദ ആക്രമണത്തില്‍ നാമാവശേഷമായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടമന്ദിരങ്ങള് നിന്നിരുന്ന സ്ഥലമായ ഗ്രൗണ്ട് സീറോയില്‍ ഇപ്പോള്‍ രണ്ട് ജലാശയങ്ങളാണുള്ളത്. അവിടെ നാലുമണിക്കൂറോളം നീണ്ട ശുശ്രൂഷയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂവായിരത്തോളം ആളുകളുടെ പേരുകള്‍ വായിച്ചു. ഇരട്ടകെട്ടിടങ്ങള്‍ വീണസമയവും, പെന്റഗണ്‍ ആക്രമിക്കപ്പെട്ട സമയവും, ഫ്െളെറ്റ് 93 തകര്‍ന്നുവീണ സമയവും കണക്കിലെടുത്ത് ആറുമിനിട്ട് വീതം മൗനവും ആചരിച്ചു.
ലോകമെമ്പാടുമുള്ള 2753 പേരാണ് ഇരട്ടമന്ദിരങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറിയ വിമാനം നടത്തിയ ആക്രമണത്തില്‍ 184 പേരാണ് കൊല്ലപ്പെട്ടത്. വാഷിങ്ടണിലെ പാര്‍ലമെന്റ് ഹില്‍ ലക്ഷ്യമാക്കി നീങ്ങിയ, ഭീകരര്‍ തട്ടിയെടുത്ത ഫ്െളെറ്റ് 93 യാത്രക്കാര്‍ തിരിച്ചടിച്ചതോടെ പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണു. മുഴുവന്‍ യാത്രക്കാരും ഭീകരരും മരിച്ചു.

