ന്യൂഡല്‍ഹി: യു.എ.പി.എ. പ്രകാരമുള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു നല്കാന് അധികാരപ്പെട്ട അതോറിട്ടി അല്ല മജിസ്ട്രേറ്റ് എന്ന് സുപ്രീം കോടതി. ദേശീയ അന്വേഷണ ഏജന്‍സി നിയമപ്രകാരം നിയമിതമായ പ്രത്യേക കോടതികള്‍ മാത്രമാണ് അത്തരം അപേക്ഷകള്‍ പരിഗണിക്കാന്‍ അധികാരമുള്ള സ്ഥാപനമെന്നും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
യു.എ.പി.എ. നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും പരിഗണിച്ചാല്‍ വകുപ്പ് 43 ഡി(2)(ബി) പ്രകാരമുള്ള മജിസ്ട്രേറ്റിന്റെ അധികാരപരിധി നിലവില്‍ ഇല്ലാത്തതാണെന്ന് ജസ്റ്റീസുമാരായ എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരും ഉള്‍പ്പെട്ട ബെഞ്ച് വിശദീകരിച്ചു. മധ്യപ്രദേശ് െഹെക്കോടതി ഉത്തരവിനെതിരേ സാദിഖ് എന്ന വ്യക്തിയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം. ഭോപ്പാലിലെ പോലീസ് സ്റ്റേഷനില്‍ യു.എ.പി.എ. പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്.