റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി – സുധാകരന്‍

September 9, 2021 - 6:38 pm

തിരുവനന്തപുരം: പാർട്ടിയുടെ പോരായ്മകൾ എടുത്തു പറഞ്ഞും അത് പരിഹരിക്കാനുള്ള മാർഗരേഖ വിശദീകരിച്ചും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേർന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലക്ക് ശേഷം 09/09/21 വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ഭാരാവാഹികൾക്ക് യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ ചുമതലകൾ കൃത്യമായി വീതിച്ചു നൽകും. ചുതമല നിർവഹണം കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. കാര്യക്ഷമമല്ലെങ്കിൽ തൽസ്ഥാനത്ത് നിന്ന് മാറ്റും. നിശ്ചയിച്ച ലക്ഷ്യം പൂർത്തീകരിക്കാത്തവരെ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന പൊതുവികാരമാണ് ശിൽപ്പശാലയിൽ ഉയർന്നുവന്നതെന്ന് സുധാകരൻ പറഞ്ഞു.

പാർട്ടി പ്രവർത്തന രംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം നിലവിലുണ്ട്. ഡിസിസി അധ്യക്ഷ പുനഃസംഘടന മാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ പുനഃസംഘടന നടക്കാനുണ്ട്. അതിലെല്ലാം വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകും. എല്ലാ നിയോജകണ്ഡലത്തിലും ഒരു മണ്ഡലം പ്രസിഡന്റ് പദവി വനിതക്കായി നീക്കിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പ്രവർത്തകരുടെ അച്ചടക്കരാഹിത്യമാണ്. മറ്റേത് പാർട്ടിയേക്കാളും വിമർശിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്. പക്ഷേ പാർട്ടി ഫോറത്തിനകത്താകണം. ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാർട്ടിയേയും നേതാക്കളേയും അവഹേളിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കാനാണ് തീരുമാനം.

പാർട്ടിയിലെ എല്ലാ പ്രശ്നങ്ങളും ഇപ്പോൾ പരിഹരിച്ചു. വളരെ ഐക്യത്തോടെയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കോൺഗ്രസിലുള്ളത്. ഇതിനെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനം ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടായാൽ അത് വലിയവരായാലും ചെറിയവരാണെങ്കിലും നടപടിയുണ്ടാകും. ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് പാർട്ടിയുടെ ഐക്യം തകർക്കാൻ ശ്രമിച്ചാൽ ഗൗരവമായ പ്രതികരണങ്ങളും നടപടിയുമുണ്ടാകും.

അടിത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള നേതാക്കളോട് എല്ലാവരോടും ആവശ്യപ്പെടാനുള്ളത്, പാർട്ടി വേണോ ? കോൺഗ്രസ് നിലനിൽക്കണോ ? എങ്കിൽ അച്ചടക്കത്തോട് പാർട്ടിയിൽ നിൽക്കണമെന്നാണ് കെപിസിസിക്ക് ആവശ്യപ്പെടാനുള്ളത്.

നേതൃത്വം ഉയർന്നുവരേണ്ടത് ഫ്ളക്സിൽ നിന്നല്ല. ജനങ്ങളിൽ നിന്നാണ്. സമരമുഖങ്ങളിൽ നിന്നാണ്. ജനങ്ങളുടെ പ്രതിസന്ധികളിൽ നിന്നാണ് നേതൃത്വം ഉയർന്നുവരേണ്ടതെന്ന് നേതാക്കളെ ഓർമിപ്പിക്കുന്നു.

ഒരേ സമയം ഒന്നിലധികം പദവികൾ പാർട്ടിക്കുള്ളിൽ അനുവദിക്കില്ല. ഒരാൾക്ക് ഒരു പദവി എന്നത് എല്ലാ തലങ്ങളിലും നടപ്പാക്കും. അച്ചടക്ക പ്രശ്നങ്ങൾ പരിശോധിക്കാൻ ജില്ലയിലും സംസ്ഥാന തലത്തിലുമുള്ള കമ്മിറ്റി ഒരാഴ്ച്ചക്കകം നിലവിൽ വരും.

ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും കൃത്യമായ നിയന്ത്രണം കൊണ്ടുവരും. എത്ര തവണ ബാങ്കിന്റെ ഡയറക്ടറാകാം പ്രസിഡന്റാകാം എന്നതിന് മാനദണ്ഡമുണ്ടാകും. കോൺഗ്രസ് ഭരിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളിൽ ക്രമരഹിതമായ പ്രവർത്തനങ്ങളുണ്ട്. അതുപൂർണ്ണമായും തുടച്ചുനീക്കം. ഒരു സഹകരണ സെൽ എല്ലാ ജില്ലയിലുമുണ്ടാകും. അവരുടെ പരിധിയിലാകും ജില്ലയിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിശ്ചയിക്കുക. പരമാവധി രണ്ടു തവണ മാത്രമേ അവസരം നൽകൂ. അനിവാര്യ ഘട്ടത്തിൽ മൂന്ന് തവണവരെയാകാം.

കോൺഗ്രസിന്റെ ജാഥ, പൊതുയോഗം, പത്രസമ്മേളനം എന്നിവിടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന പ്രവണത ഇനി ഉണ്ടാകില്ല. ആവശ്യമുള്ള ആളുകൾ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുകയുള്ളൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *