നിപ ബാധിച്ചത് ആടില്‍ നിന്നല്ല, ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നു; കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്നും ആരോഗ്യമന്ത്രി 06/09/21 തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധനാഫലം വൈകീട്ടോടെ ലഭിക്കും. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് അസുഖം ബാധിച്ചതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള പരിശീലനം ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.

അതേസമയം പഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ 06/09/21 തിങ്കളാഴ്ച പരിശോധന നടത്തും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്.

നിരീക്ഷണത്തിലുള്ളവര്‍ക്കായി തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും.

റമ്പൂട്ടാന്‍ കഴിച്ചതില്‍ നിന്നാണ് കുട്ടിയ്ക്ക് നിപ ബാധ ഏറ്റിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഹാഷിമിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →