വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലൂടെസിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച സുരേഷ് കൃഷ്ണ എന്ന നടൻ കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരൻ കൈമൾ എന്ന ശക്തമായ വേഷം ചെയ്ത് കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ എത്തുന്നു.ഈ ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ വിനയൻ പുറത്തിറക്കി.
വിനയന്റെ വാക്കുകൾ …
പത്തൊമ്പതാം നൂറ്റാണ്ടിലെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ ഇന്ന് ഇറങ്ങുകയാണ് കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വര കൈമണി അവതരിപ്പിക്കുന്നത് കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ അനുഗ്രഹീത നടൻ സുരേഷ് കൃഷ്ണയാണ് .
ബുദ്ധിമാനും വലിയ ധനാഢ്യനും തിരുവിതാംകൂർ ദിവാനെ പോലും വരുതിക്ക് കൊണ്ടു വരാൻ പോകുന്ന കൗശലക്കാരനുമായ കൈമൾ എന്ന കഥാപാത്രത്തെ വളരെ ഭംഗിയോടെയും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂറിൽ എവിടെയും ഒരു മിന്നൽപിണർ പോലെ തന്റെ കുതിരപ്പുറത്ത് പറന്നെത്താൻ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പ് കൂടിയായിരുന്നു കൈമൾ.
തൊടലും തീണ്ടലും നിലനിന്നിരുന്ന കാലത്തെ അധസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ അങ്ങ് ആറാട്ടുപുഴയിൽ ഒരു ശബ്ദം ഉയർന്നിരിക്കുന്നു എന്ന് കേട്ടറിഞ്ഞ കൈമൾ രോഷം കൊണ്ടു .അത് വേലായുധ ചേകവരാണെന്ന് അറിയുന്നതോടെ ഒരു പുതിയ പോർമുഖം തുറക്കുകയായിരുന്നു.
ഒരു നൂറ്റാണ്ടിലെ തന്നെ ബൃഹത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ അധികാരവും അംഗബലവും കൊണ്ട് ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകൾ കൂടി ഈ ചിത്രത്തിൽ പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരി പരമേശ്വര കൈമൾ. വിനയൻ കുറിച്ചു.

