17 വരെ കേന്ദ്രമന്ത്രി റാണെയ്ക്കെതിരേ നടപടിയില്ലെന്ന് മഹാരാഷ്ട്ര

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്കെതിരേ 17 വരെ കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മുംബൈ ഹെക്കോടതിയെ ബോധിപ്പിച്ചു.ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയെങ്കിലും അനുകൂല വിധിയുണ്ടായില്ല. പിന്നാലെ റാണ അറസ്റ്റിലാകുകയും ചെയ്തു. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. അടുത്ത പതിനേഴിനാണ് കേസില്‍ തുടര്‍വാദം. അതുവരെ റാണെയ്ക്കെതിരേ കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചിരിക്കുന്നത്. നാസിക്കില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമല്ല, വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇനി വന്നേക്കാവുന്ന കേസുകളിലും പരിരക്ഷ ആവശ്യപ്പെട്ടാണ് റാണെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അങ്ങനെ കണ്ണുമടച്ചൊരു പരിരക്ഷ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. നാസിക്ക് കേസ് മാത്രമാണ് എടുത്തുകാട്ടിയിട്ടുള്ളത്. അതില്‍ തല്‍ക്കാലം കടുത്ത നടപടി ഒഴിവാക്കാമെന്നും അഭിഭാഷന്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.ഇന്ത്യ സ്വതന്ത്രയായ വര്‍ഷം ഓര്‍മയില്ലാത്ത ഉദ്ധവിന്റെ കരണം പുകയ്ക്കേണ്ടിയിരുന്നു’എന്ന പരാമര്‍ശമാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ റാണെ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →