ആകസ്മികം – ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

ദില്ലി: 2020ലെ എറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഓംചേരി എൻഎൻ പിള്ളയ്ക്ക്. ആകസ്മികം – ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാ‌ർഡ‍് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. കെ പി ശങ്കരൻ, അനിൽ വള്ളത്തോൾ, സേതുമാധവൻ എന്നീവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിനായി പുസ്തകം തെരഞ്ഞെടുത്തത്.

നാടകകൃത്തും നോവലിസ്റ്റുമായ ഓംചേരി എൻ എൻ പിള്ള ഒൻപത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. 1972-ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്‌ക്കാരവും ലഭിച്ചു. 2010-ൽ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി 1924 ഫെബ്രുവരി 1-ന് വൈക്കത്തായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ലോ കോളേജിലുമായി കോളേജ് പഠനം പൂർത്തിയാക്കി. ആദ്യകാലത്ത് കവിതകളെഴുതിയിരുന്ന ഓംചേരി പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ൽ ആകാശവാണി മലയാളം വാർത്താവിഭാഗത്തിൽ ഉദ്യോഗസ്ഥനായി ദില്ലിയിലെത്തിയ അദ്ദേഹം പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു. 1962-ൽ കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനായി.

അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി, മെക്‌സിക്കൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, വാട്ടൻ സ്‌കൂൾ എന്നിവിടങ്ങളിൽ മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത പഠനം നടത്തി മടങ്ങിയെത്തിയശേഷം ഇന്ത്യൻ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായി. ചീഫ് സെൻസേഴ്സ് ഓഫീസ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ജോലി ചെയ്ത ഓംചേരി 1989 ഫെബ്രുവരി 1-ന് കേന്ദ്ര സർവീസിൽ നിന്നു വിരമിച്ചു. പിന്നീട് ഭാരതീയ വിദ്യാഭവനിലെത്തിയ ഓംചേരി 2019 ഡിസംബർ വരെ അവിടെ ജോലി ചെയ്തു.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഏകെജിയുടെ പ്രേരണയിലാണ് ആദ്യനാടകം രചിച്ചത്. ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകത്തിൽ അഭിനയിച്ചത് എംപിമാരായിരുന്ന കെ സി ജോർജ് , പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായർ തുടങ്ങിയവരാണ്. 1963-ൽ പരീക്ഷണ നാടകവേദി രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →