തൃശൂര്‍ : സാഹിത്യകാരനും മുന്‍ മാതൃഭൂമി ചീഫ് സബ്‌എഡിറ്ററുമായ കരൂര്‍ ശശി (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തൃശൂര്‍ കോലഴിയിലെ വീട്ടില്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിളളയുടെയും ജി മാധവിയമ്മയുടെയും മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്‍,പ്രസംഗകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. നാലുനോവലുകളും 10 കാവ്യ സമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ,ഗദ്യ സമാഹാരവും വിവര്‍ത്തന കൃതിയും അദ്ദേഹത്തിന്റെ തായിട്ടുണ്ട്.
കോളേജ് പഠനകാലം മുതല്‍തന്നെ പത്രപ്രവര്‍ത്തകനായ അദ്ദേഹം പൊതുജനം, മലയാളി, തനിനിറം, കേരള പത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980ല്‍ മാതൃഭൂമി തിരുവനന്തപുരം എഡീഷനില്‍ ചേര്‍ന്നു അവിടെ 21 വര്‍ഷം പ്രവര്‍ത്തിച്ചു. ആദ്യ ഭാര്യയായ എഴുത്തുകാരി പിആര്‍ ശ്യാമളയുടെ സ്‌മരണക്കായി സ്‌ത്രി സമൂഹത്തിനായി സമര്‍പ്പിച്ച ‘ശ്യാമപക്ഷം’ എന്ന കവിത ശ്രദ്ധ നേടിയിരുന്നു. ശ്യാമപക്ഷം എന്ന കാവ്യ സമാഹാരത്തിന് തോപ്പില്‍ രവി അവാര്‍ഡും, ‘അറിയാ മൊഴികള്‍’ എന്ന കാവ്യ സമാഹാരത്തിന് ചങ്ങമ്പുഴ പുരസ്‌കാരവും, മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മഹാനദിക്ക്’ മുടാടി ദാമോദരന്‍ പുരസ്‌കാരവും ലഭിച്ചു. .തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന് എന്നീ നോവലുകളും ശ്രദ്ധേയമായ രചനകളാണ്
കേരള സാഹിത്യ അക്കാദമിയിലും കേരളകലാമണ്ഡലത്തിലും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കമ്മറ്റിയില്‍ രണ്ടുതവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങള്‍ സംപ്രേഷണം ചെയ്‌തിട്ടുണ്ട്. പി.ആര്‍ശ്യാമളയുടെ മരണശേഷം സാഹിത്യ അക്കാദമിയിലെ ഉദ്യോഗസ്ഥയായിരുന്ന മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് 2006ല്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് താമസം മാറ്റി. 2021 ഓഗസ്‌റ്റ് 19 വ്യാഴാഴ്‌ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ ശവസംസ്‌കാരം നടക്കും.

