പാലക്കാട്: രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

പാലക്കാട്: രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗോത്രാരോഗ്യവാരചരണത്തിന് സമാപനമായി. പട്ടികജാതി – പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആദിവാസി ജനത ആരോഗ്യ ജനത’ എന്ന സന്ദേശത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷനായി.

അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, കേരളത്തിലെ ആദ്യ വനിതാ പട്ടികവര്‍ഗ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഈശ്വരി രേശന്‍, ഗോത്ര ഭാഷയില്‍ കവിതകളെഴുതുന്ന യുവകവി ആര്‍.കെ. രമേഷ്‌കുമാര്‍, ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ഗോത്രഭാഷ ചിത്രമായ ‘മംമംമം’ ന്റെ ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഈശ്വരന്‍, പ്ലസ് ടു തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനി എം. മന്യ, അയ്യപ്പനും കോശിയും ഫെയിം പഴനിസ്വാമി, ഗായിക നഞ്ചിയമ്മ, അന്താരാഷ്ട്ര ചികിത്സാ മികവിനും സാമൂഹ്യസേവനങ്ങളേയും അംഗീകരിച്ച യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ (ജര്‍മനി) ഡോക്ടറേറ്റ് ലഭിച്ച രാജേഷ് വൈദ്യര്‍, സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകന് നല്‍കുന്ന അക്ഷയശ്രീ പുരസ്‌കാരത്തില്‍ ജില്ലയിലെ ജൈവകൃഷി പ്രോത്സാഹന സമ്മാന ജേതാവായ രവിചന്ദ്രന്‍, കോവിഡ് കാലഘട്ടത്തില്‍ ആദിവാസികള്‍ക്കിടയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്ത് ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

ഊരുകളില്‍ ആരോഗ്യ സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍, കോവിഡ് ബോധവത്ക്കരണം, വിദ്യാഭ്യാസ പ്രചരണം, അവകാശ സംരക്ഷണം തുടങ്ങി നിരവധി പരിപാടികള്‍ വാരാചരണത്തോടനുബന്ധിച്ച് ഊരുകളില്‍ സംഘടിപ്പിച്ചു.

അഗളി മിനിസിവില്‍ സ്‌റ്റേഷനില്‍ നടന്ന സമാപന പരിപാടിയില്‍ കോട്ടത്തറ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്, അട്ടപ്പാടി തഹസില്‍ദാര്‍ വേണുഗോപാല്‍, അട്ടപ്പാടി എന്‍.ആര്‍.എല്‍.എം. കോര്‍ഡിനേറ്റര്‍ കരുണാകരന്‍, എം.ആര്‍.സ്. സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എ.അജീഷ്, സുദീപ്കുമാര്‍, സി.ബി. രാധാകൃഷ്ണന്‍, ഐ.ടി.ഡി.പി. ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ വി.സി.അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →