മലനാട് ജനത്തിന്റെ മാഗ്നാകാർട്ട ഉണ്ടാക്കിയ മണിയങ്ങാടൻ

( ചില മറവികൾ നന്ദികേടുകളാണ്. ചില ഓർമ്മകൾ പുരസ്കാരങ്ങളും. മലനാട് ജനതയുടെ പുരസ്കാരമാണ് മാത്യു മണിയങ്ങാടനെക്കുറിച്ചുള്ള ഓർമ്മിക്കലുകൾ. എന്തുകൊണ്ടോ രാഷ്ട്രീയ കേരളം അദ്ദേഹത്തെ തമസ്കരിച്ചു. മലനാട്ടിലെ ജനജീവിതത്തെ ആകെ കാട്ടുകള്ളന്മാരുടെ അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ തുനിയുന്നവർക്ക് മലയോര ജനജീവിതത്തിന്റെ അവകാശരേഖ ഇന്ത്യൻ പാർലമെന്റിനെ കൊണ്ട് അംഗീകരിപ്പിച്ച അദ്ദേഹത്തെ പുരസ്കരിക്കാനാവില്ലല്ലോ. പക്ഷേ മലയോരം ഓർമ്മിക്കുന്നു. പുതിയ തലമുറയ്ക്കായി അദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയാണ് ഈ ചെറിയ ലേഖനത്തിൽ-എഡിറ്റർ )

അന്ന് ഇത്രയധികം രാഷ്ട്രീയ വിഭജനം മുകളിൽ മുതൽ താഴെ വരെ ഉണ്ടായിരുന്നില്ല. പൊതുജനത്തിനും പൊതുനന്മയ്ക്കുമായി കൈ കോർക്കുവാൻ വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുമ്പോഴും പാർട്ടികളും നേതാക്കളും മടിച്ചിരുന്നില്ല. കോൺഗ്രസിലും കേരള കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടികളിലും ഉള്ള നേതാക്കൾ മലനാട്ടിലെ ജനതയുടെ നിലനിൽപ്പിനും കുടിപ്പാർപ്പിനും ഭൂമി അവകാശത്തിനുമായി ഒന്നിച്ചിരുന്നു. ഈ ഒന്നിക്കലുകൾ മിക്കപ്പോഴും പാർട്ടി തീരുമാനങ്ങളുടെ മാത്രം ഫലമായിരുന്നില്ല. പാർട്ടി തീരുമാനിക്കാത്ത കാര്യങ്ങളിലും ഒന്നിച്ചിരുന്നു. പാർട്ടി സമ്മതങ്ങൾ പിന്നാലെ ഉണ്ടാവുകയായിരുന്നു എന്ന് ഉദാഹരിക്കുന്ന നിരവധി സംഭവങ്ങൾ മലനാട്ടിൽ ഉണ്ട്. മലയോര നിവാസികളെ കുടിയൊഴിപ്പിക്കാനും അവരുടെ ഭൂമി അവകാശങ്ങൾ അസ്ഥിരപ്പെടുത്താനും ശ്രമിച്ചവർ നിരവധി ഉണ്ടായിരുന്ന കാലത്തു തന്നെയാണ് മാത്യു മണിയങ്ങാടൻ എന്ന കോൺഗ്രസ് എം.പിയുടെ നേതൃത്വത്തിൽ ഉണ്ടായ പാർലമെന്റ് കമ്മിറ്റി ചരിത്രമായി മാറിയ റിപ്പോർട്ട് തയ്യാറാക്കിയത്. അതുപിന്നെ മലനാട്ടിലെ കർഷകരുടെ അവകാശരേഖയായി. പട്ടയ നടപടികളുടെ മാർഗ്ഗരേഖയായി. കോടതി നടപടികളിൽ നീതി എവിടെയെന്ന് തീരുമാനിക്കാനുള്ള മാനദണ്ഡമായി.

നൂറ്റാണ്ട് പഴക്കമുള്ളതാണ് ഇടനാട്, തീരപ്രദേശങ്ങളിൽ നിന്ന് മല നാട്ടിലേക്കുള്ള കുടി മാറ്റത്തിന്റെ കഥ. അത് പ്രകൃതി നശീകരണത്തിന്റേയും കാട്ടുകള്ളന്മാരുടേയും ആത്മകഥയാക്കി ചുരുക്കി ചരിത്രം എഴുതുന്നവർ തിരിച്ചറിയാൻ പറയുകയാണ്. ഇന്ത്യൻ പാർലമെന്റിന്റെ സമ്മതിയുള്ള ജനവാസമാണ് മലനാട്ടിലേത്. അതിനു കാരണക്കാരൻ കോട്ടയത്തു നിന്നുള്ള എം.പി. ആയിരുന്ന അഭിഭാഷകൻ മാത്യു മണിയങ്ങാടനുമാണ്.

1961 കാലം
മലബാറിലും തിരുവിതാംകൂർ വിഭാഗങ്ങളിലെ മലയോരങ്ങളിലും വ്യാപകമായി കർഷകരെ കുടിയൊഴിപ്പിച്ചു. തല്ലും തൊഴിയും പുര കത്തിക്കലും ആയി അരങ്ങേറിയ നരനായാട്ടിൽ ആയിരക്കണക്കിന് കർഷകകുടുംബങ്ങൾ തകർന്നു തീർന്നു.
ഭരണം കോൺഗ്രസിന്റേത്. കോൺഗ്രസ് നേതാവും കോട്ടയം എംപിയും ആയിരുന്ന മാത്യു മണിയങ്ങാടൻ കർഷക ദുരിത മേഖലകളിൽ വന്ന് കാര്യങ്ങൾ കണ്ടു മനസ്സിലാക്കി. കോൺഗ്രസിൻറെ ഉന്നതനേതാവ് ആയിരുന്ന കെ എം ചാണ്ടിക്കൊപ്പം പുറപ്പെടുവിച്ച പ്രസ്താവനയിൽ നിന്ന് …

” …. അയ്യപ്പൻകോവിൽ, ഉടുമ്പൻചോല, കാളിയാർ ഭാഗങ്ങളിൽ യാതൊരു അയവുമില്ലാതെ പുര കത്തിക്കൽ നടന്നുകൊണ്ടിരിക്കുന്നു. തങ്ങളുടെ സർവസ്വവും നശിച്ച ശേഷം കണ്ണീരും കയ്യുമായി “ദൈവവും ഞങ്ങളെ കൈവെടിഞ്ഞോ” എന്ന് വാവിട്ടു നിലവിളിച്ചുകൊണ്ട് അയ്യപ്പൻകോവിൽ പരിസരങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ അമരാവതിയിലേക്ക് നീക്കപ്പെടുന്ന സമയവും കാത്ത് മരച്ചുവടുകളിൽ കഴിഞ്ഞുകൂടുകയാണ് ….. പ്രസവിച്ച ഒരാഴ്ച ആകാത്ത ഭാര്യയും കുഞ്ഞുങ്ങളും ഗർഭിണികളും എല്ലാമടങ്ങിയ നൂറുകണക്കിന് കുടുംബങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഉചിതമല്ലാത്ത ഒരു ജീവിതമാണ് അവിടെ നയിക്കുന്നത് ….. കുമിളിയിൽ കാലവർഷം ആരംഭിച്ചു കഴിഞ്ഞു. പെയ്യുന്ന മഴ മുഴുവനും നനഞ്ഞ്, മരംകോച്ചുന്ന തണുപ്പുമടിച്ച് ചോരക്കുഞ്ഞുങ്ങളും ഗർഭിണികളും അടങ്ങിയ ഏതാണ്ട് 3000 ത്തിലധികം വരുന്ന ജനസഞ്ചയത്തെ സഹായിക്കേണ്ടത് മനുഷ്യത്വമുള്ള ഏതൊരുവന്റെയും കടമയായി ഞങ്ങൾ കാണുന്നു. ഗവൺമെൻറ് ആ ചുമതല നിർവഹിക്കാത്ത പക്ഷം അവരെക്കൊണ്ട് മനുഷ്യോചിതമായ നടപടി സ്വീകരിക്കാൻ പ്രബുദ്ധരായ ജനത മുൻകൈയെടുത്ത് പ്രവർത്തിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”

1912 ഫെബ്രുവരി 12ന് മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ പഞ്ചായത്തിൽ ജനനം. B. A., B. L പാസ്സായ ശേഷം കോട്ടയം ജില്ലാ കോടതിയിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്തു. ആർ.വി തോമസ്, പി.ടി ചാക്കോ, ചെറിയാൻ കാപ്പൻ തുടങ്ങിയവരോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൊടിക്കീഴിൽ സ്വതന്ത്യ സമരത്തിൽ പങ്കെടുക്കുകയും നിരവധി തവണ അറസ്റ്റ് വരിക്കുകയും, ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 1952-ൽ തിരുകൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957-ലും 1962-ലും പീരുമേട് ഭാഗങ്ങൾ ഉൾപ്പെട്ട കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചു.

കേരളത്തിലെ മലയോര കർഷകർ കുടിയിറക്ക് ഭീഷണിയിൽ വിറങ്ങലിച്ചു നിന്ന കാലഘട്ടത്തിൽ, ഈ വിഷയം ഇന്ത്യൻ പാർലമെൻറിൽ അദ്ദേഹം ശക്തമായി അവതരിപ്പിക്കുകയും, അടിയന്തിര നടപടി ആവശ്യപ്പെടുകയുമുണ്ടായി. തൽഫലമായി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മാത്യു മണിയങ്ങാടനെ ചെയർമാനാക്കി ഒരു പാർലമെന്റ് കമ്മിറ്റി രൂപീകരിച്ചു. ഇതാണ് മണിയങ്ങാടൻ കമ്മിറ്റി. കമ്മിറ്റി അംഗങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് തെളിവെടുത്ത് റിപ്പോർട്ട് തയ്യാറാക്കി. ഇന്ത്യൻ പാർലമെന്റും കേരളാ നിയമസഭയും ഈ റിപ്പോർട്ട് അംഗീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടിയിറക്കുന്ന കർഷകന് അവന്റെ ‘ഭൂമിക്കു പകരം ഭൂമി ‘നല്കണം, മുഴുവൻ കർഷകർക്കും അവരുടെ ഭൂമിക്ക് പട്ടയം നല്കണം എന്നിവയായിരുന്നു കാതലായ ഭാഗം. അങ്ങനെ കർഷകർക്ക് കുടിയിറക്ക് ഭീഷണിയിൽ നിന്നും മോചനം ലഭിച്ചു.

മണിയങ്ങാടൻ കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയും സത്യസന്ധനായ പൊതുപ്രവർത്തകനുമായിരുന്നു.

കേരളത്തിലെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ അവഗാഢം പഠിച്ച് അവയ്ക്ക് ഉചിതവും ഫലപ്രദവുമായ പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിച്ചുകൊണ്ട് കേന്ദ്ര ഗവണ്മെൻറിനു സമർപ്പിച്ച മണിയങ്ങാടൻ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ മലയോര കർഷകരുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നു.

1974 നവംബർ 14 -ന് 62-ാ മത്തെ വയസ്സിൽ അദ്ദേഹം വിടവാങ്ങി.

വിരമിച്ച അധ്യാപകനായ ലേഖകൻ കുടിയേറ്റജനതയെ പറ്റി പുസ്തകമെഴുതിയിട്ടുണ്ട്.
ഫോൺ: 9446746756

Share

About ടോമി സിറിയക്

View all posts by ടോമി സിറിയക് →