ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ മുന്നിട്ടിറങ്ങിയ യുവ ഐ പി എസ് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ വൂഹാന്‍ മാര്‍ക്കറ്റായി ചെന്നൈ കോയമ്മേട് ചന്ത മാറുന്നതായി ആക്ഷേപം. കോയമ്മേട് മാര്‍ക്കറ്റില്‍ വന്നശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മടങ്ങിപ്പോയ മുന്നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോയമ്മേട് മാര്‍ക്കറ്റില്‍ വന്നുപോയവരില്‍ തിങ്കളാഴ്ച മാത്രം 150ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കച്ചവടക്കാര്‍, ലോറി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍ തുടങ്ങി ആയിരക്കണക്കിന് പേരാണ് ഈ മാര്‍ക്കറ്റില്‍ നിത്യവും വന്നുപോവുന്നത്.
സ്വന്തം നാടുകളിലേക്ക് പോയിട്ടുള്ള ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ചെന്നൈയില്‍ ചില്ലറവില്‍പന നടത്തുന്ന കച്ചവടക്കാരിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പച്ചക്കറി കച്ചവടക്കാരില്‍നിന്നാണ് ചെന്നൈയിലെ വണ്ണാരപ്പേട്ട് തെരുവിലേക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം. 259 പേര്‍ക്ക് രോഗം ബാധിച്ച തിരുവിഴ നഗറില്‍ ആയിരക്കണക്കിന് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

