ന്യൂഡല്‍ഹി: 130 കോടിയിലേറെ ജനങ്ങള്‍ ഒന്നര മാസം സകലപ്രവര്ത്തനങ്ങളഉം നിര്‍ത്തി വച്ച് വീട്ടിലിരുന്ന് വിജയിപ്പിച്ച ലോക്ക്ഡൗണ്‍ ഒറ്റ ദിവസം കൊണ്ട് പൊളിഞ്ഞു. മദ്യശാലകള്‍ തുറന്ന സംസ്ഥാനങ്ങളിലെല്ലാം കടകള്‍ക്കു മുന്നില്‍ ആയിരങ്ങള്‍ തടിച്ചു കൂടി. അഞ്ചു പേരില്‍ കൂടുതല്‍ ഒന്നിച്ചു തടിച്ചു കൂടുന്നതിനെതിരെ എടുത്ത കേസുകളും പോലീസ് കാട്ടിയ ശുഷ്ക്കാന്തിയും വെള്ളത്തിലായി.
രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതോടെ പലസംസ്ഥാനങ്ങളും ഇന്ന് (4-5) മദ്യക്കടകള്‍ തുറന്നു. കണ്ണ്ടെയ്ന്റ്മെന്റ് സോണ്‍, ഹോട്ട്സ്പോട്ട് എന്നിവിടങ്ങളിലൊഴികെ മദ്യകടകള്‍ തുറക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ഒരുമീറ്ററെങ്കിലും അകലം പാലിക്കണമെന്നും മാസ്കുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്നു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അവയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ക്യൂവില്‍ ജനങ്ങള്‍ നിന്നത്.
ഡല്‍ഹിയില്‍ മാത്രം 150 മദ്യകടകളാണ് പ്രവര്‍ത്തിച്ചത്. ഉത്തര്‍പ്രദേശില്‍ മാളുകളില്‍ ഒഴികെയുള്ള മദ്യകടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. കടകള്‍ 9 മണിക്കേ തുറക്കുകയുള്ളു എന്നു അറിയിപ്പുണ്ടായിരുന്നെങ്കിലും ജനങ്ങള്‍ പുലര്‍ച്ചെ തന്നെ എത്തിയിരുന്നു. തിരക്കു നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തി വീശി.

