കണ്ണൂർ: കേരള മീഡിയ അക്കാദമി: പി ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂർ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നിവയാണ് കോഴ്‌സുകള്‍. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 2021 മെയ് 31 ന് 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് രണ്ട് വയസ്സ് ഇളവുണ്ട്. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ട്. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. പ്രവേശന പരീക്ഷ ഓണ്‍ലൈനായിരിക്കും.

ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ പ്രിന്റ് ജേര്‍ണലിസം, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ  മേഖലകളില്‍ പരിശീലനം നല്‍കും. ടെലിവിഷന്‍ ജേര്‍ണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷന്‍,  മീഡിയ കണ്‍വെര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം എന്നിവ ഉള്‍പ്പെട്ടതാണ്  ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്. പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് കോഴ്‌സില്‍ ജേര്‍ണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍  മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ്  എന്നിവയില്‍ പരിശീലനം നല്‍കും.

കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. കോവിഡ് സാഹചര്യത്തില്‍ കാമ്പസില്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതു വരെ ക്ലാസുകള്‍ ഓണ്‍ലൈനായിരിക്കും. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ  www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ആഗസ്ത് ഒമ്പതിന് രാവിലെ 10 മുതല്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി- പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ ആഗസ്ത് 21 നകം സമര്‍പ്പിക്കണം. ഫോണ്‍: 0484 2422275  ഇ-മെയില്‍: directorkmaic@gmail.com.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →