മകനെ അന്വേഷിച്ചുളള അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമമാകുന്നു

ശാസ്‌താംകോട്ട : നാല്‍പ്പത്തിഅഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗള്‍ഫിലേക്ക്‌ പോയ മകന്റെ വരവ്‌ കാത്തിരിക്കുകയായിരുന്നു 72 കാരിയായ മാതാവ്‌ ഫാത്തിമ ബീവി. മകന്‍ മുംബൈയില്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഫാത്തിമാ ബീവി ഇപ്പോള്‍. 1971 ലാണ്‌ സജാദ്‌ ഗള്‍ഫിലേക്ക പോയത്‌.

കേരളത്തില്‍ നിന്നുളള കലാകരന്മാരെ ഗള്‍ഫില്‍ വിവിധ കലാപരിപാടിക്ക്‌ എത്തിക്കുന്ന സംഘാടകനായിരുന്നു സജാദ്‌. ഇത്തരത്തില്‍ സജാദ്‌ സംഘടിപ്പിച്ച കലാപരിപാടികളില്‍ പങ്കെടുത്ത്‌ മടങ്ങുന്നതിനിടെയുണ്ടായ വിമാന അപകടത്തില്‍ നടി റാണിചന്ദ്രയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 956 പേരാണ്‌ മരിച്ചത്‌. ഈ അപകടത്തിന്‌ ശേഷം സജാദിനെക്കുറിച്ച്‌ വിവരമൊന്നും ഇല്ലായിരുന്നു. സംഘാടകനായ സജാദും അപകടത്തില്‍ മരിച്ചുവെന്നാണ്‌ വീട്ടുകാരും സുഹൃത്തുക്കളം കരുതിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മകന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫാത്തിമാ ബീവി .

അപകട ശേഷം സജാദ്‌ മുംബൈയില്‍ പലജോലികളും ചെയ്‌ത്‌ കഴിയുകയായിരുന്നു. പക്ഷെ ഒന്നിലും പച്ചപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്‌ 2019ലെ ഒരുദിവസം ഓര്‍മ്മ നഷ്ടപ്പെട്ട്‌ അവശനിലയില്‍ മുംബൈയിലെ സീല്‍ ആശ്രമത്തില്‍ എത്തിപ്പെടുകയായിരുന്നു സജാദ്‌. ഏറെ നാളുകളുടെ പരിശ്രമഫലമായാണ്‌ ഇദ്ദേഹം ഓര്‍മയുടെ ലോകത്തേക്ക്‌ മടങ്ങിയെത്തിയത്‌.

നാട്ടിലെത്തിയാല്‍ റാണിചന്ദ്രയുടെ അപകട മരണത്തില്‍ പഴിക്കുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ഭയന്നാണ്‌ സജാദ്‌ നാട്ടിലെത്താതിരുന്നത്‌. മുംബൈയിലെ സീല്‍ ആശ്രമത്തിന്റെ സംരക്ഷണയിലാണ്‌ സജാദ്‌ നിലവിലുളളത്‌ . നാട്ടിലേക്ക്‌ വരണമെന്ന പലപ്പോഴും തോന്നിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായെന്നും സജാദ്‌ പറയുന്നു. മകനുവേണ്ടിയുളള വീട്ടുകാരുടെ കാത്തിരിപ്പിലും സ്‌നേഹത്തിലുമുളള അത്ഭുതം സീല്‍ ആശ്രമത്തിന്റെ അധികൃതരും മറച്ചുവയ്‌ക്കുന്നില്ല.

പാസ്‌പോര്‍ട്ട്‌ പുതുക്കിയപ്പോള്‍ തങ്ങള്‍കുഞ്ഞ്‌ എന്ന പേരിലുണ്ടായ മാറ്റമാണ്‌ സജാദിനെ കണ്ടെത്താന്‍ വെല്ലുവിളിയായതെന്ന്‌ സഹോദരി മറിയം ബീവി പറയുന്നു. എന്തായാലും സഹോദരനെ സംരക്ഷിക്കുന്ന സീല്‍ ആശ്രമത്തിനും അതിന്‍രെ ചുമതലക്കാരോടും അഗാധമായ നന്ദിയുണ്ടെന്ന്‌ മറിയംബീവി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →