ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം മാരകമായത് കേന്ദ്ര സര്‍ക്കാരിന്റെ തല തിരിഞ്ഞ നയങ്ങളാലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊവിഡ് രണ്ടാംതരംഗത്തിനിടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം രാജ്യത്ത് മരണവും ഉണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന പാര്‍ലമെന്റിലെ കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തെ ഓക്‌സിജന്‍ കയറ്റുമതി എഴുന്നൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതാണ് രണ്ടാംകൊവിഡ് തരംഗം മാരകമാക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തി.
‘മരണങ്ങള്‍ സംഭവിച്ചത് സര്‍ക്കാര്‍ ഇടപടല്‍ കൊണ്ട് മാത്രമാണ്. സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണത്തിന് ടാങ്കറുകള്‍ നല്‍കിയില്ല. ഇത് സംബന്ധിച്ച് വിദഗ്ധരുടേയും പാര്‍ലമെന്ററി സമിതിയുടേയും അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചു. ഓക്‌സിജന്‍ നല്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ല’. ഇതെല്ലാമാണ് കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് മാരകമാക്കിതീര്‍ത്തതെന്ന് പ്രിയങ്ക വിശദീകരിച്ചു. ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഒരു വിധ നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു.
കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് എഴുതി തയ്യാറാക്കിയ മറുപടി നല്‍കിയത്. ഓക്‌സിജന്‍ ലഭ്യതക്കുറവ് സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണപ്രദേശങ്ങളിലോ മരണത്തിന് കാരണമായിട്ടില്ലെന്നായിരുന്നു ഭാരതി പവാറിന്റെ ഇത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി.