കൊല്ലത്തു നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് വെച്ച് കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനി സുചിത്ര (42)യെ പാലക്കാട് മണലിയിലെ ഹൗസിംഗ് കോളനിയിലെ വാടക വീട്ടില്‍ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പ്രതിയായ കോഴിക്കോട് സ്വദേശി സംഗീതാദ്ധ്യാപകന്‍ പൊലീസിനോട് സമ്മതിച്ചു. അടുപ്പക്കാരനായ പ്രതി ആദ്യം കൊടുത്ത മൊഴിയില്‍ രണ്ടു ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും അവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്. എന്നാല്‍ പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായുരുന്നു. കൊല്ലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീല്‍ ചെയ്തു. മൃതദേഹം കണ്ടെത്താനായി പ്രതിയെ വാടക വീട്ടിലേക്ക് എത്തിച്ചു. വീടിനു സമീപത്തെ മതിലിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം സുചിത്രയുടേതു തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും.

കൊല്ലം സ്വദേശിയായ സുചിത്ര സംഗീതാദ്ധ്യാപകനായ യുവാവുമായി അടുപ്പത്തിലായത് സമൂഹമാധ്യമം വഴിയാണ്. മാര്‍ച്ച് 17 ന് ബ്യൂട്ടീഷന്‍ ട്രെയ്‌നിയായ സുചിത്ര ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. എന്നാല്‍ ബ്യൂട്ടിപാര്‍ലറിലെ പരിശീലന അക്കാദമിയിലേക്കാണ് ഇവര്‍ നേരെ പോയത്. ബ്യൂട്ടി പാര്‍ലറിന്റെ ഉടമയോട് ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാല്‍ അന്നു വൈകുന്നേരം തന്നെ ആലപ്പുഴയിലേക്ക് പോകണമെന്നും അനുവാദം വേണമെന്നും അറിയിച്ചു. എന്നാല്‍ വീട്ടുകാരോട് സുചിത്ര പറഞ്ഞത് ബ്യൂട്ടിപാര്‍ലര്‍ ക്ലാസ് എറണാകുളത്താണെന്നും അതിനാല്‍ രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നായിരുന്നു. മാര്‍ച്ച് 18 നു വീട്ടില്‍ നിന്നും ഇറങ്ങിയ സുചിത്ര പിന്നീട് ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് മെയില്‍ അയച്ച് അഞ്ചു ദിവസത്തേക്കു കൂടി ലീവു വേണമെന്ന് അറിയിച്ചിരുന്നു. ആദ്യത്തെ രണ്ട് ദിവസം സുചിത്ര ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനു ശേഷം വിവരമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബ്യൂട്ടിപാര്‍ലറിന്റെ അധികാരികളുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ പറഞ്ഞത് അഞ്ചുദിവസത്തേക്കാണ് ലീവെന്നും സുചിത്രയുടെ ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ല എന്നാണ് പറഞ്ഞതെന്നും മനസ്സിലാക്കിയ വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സുചിത്ര വിവാഹമോചിതയായിരുന്നുഎന്നു മനസ്സിലാക്കിയ പൊലീസ് പിന്നീട് നടന്ന അന്വേഷണത്തിലാണ് സുചിത്രയുടെ അടുപ്പക്കാരനായ സംഗീതാദ്ധാപകനെ കണ്ടെത്തിയതും കൊലപാതക വിവരങ്ങള്‍ ലഭ്യമായതും. കൊലപാതകത്തിന്റെ കാരണം ഇതുവരെയും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →