ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ സുമിത് നാഗാല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെന്നീസ് താരം സുമിത് നാഗാല്‍ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. ലോക റാങ്കിങ് അടിസ്ഥാനത്തിലാണു നാഗാല്‍ ഒളിമ്പിക്സില്‍ മത്സരിക്കുക. കോവിഡ്-19 വൈറസ് ഭീതിയില്‍ ഒട്ടേറെ താരങ്ങള്‍ പിന്മാറിയതോടെയാണു നാഗാലിനു നറുക്കു വീണത്.

സിംഗിള്‍സിനാണു നാഗാല്‍ യോഗ്യത നേടിയതെങ്കിലും രോഹന്‍ ബൊപ്പണ്ണയ്ക്കു ജോഡിയായി പുരുഷ ഡബിള്‍സില്‍ കളിപ്പിക്കാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്‍. ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷനാണ് നാഗാല്‍ ഒളിമ്പിക്സ് കളിക്കാന്‍ യോഗ്യത നേടിയെന്ന വിവരം എ.ഐ.ടി.എയെ അറിയിച്ചത്. കഴിഞ്ഞ 14 ലെ റാങ്കിങ് പ്രകാരമുള്ള എന്‍ട്രി പരിഗണിക്കുമ്പോള്‍ 144-ാം സ്ഥാനക്കാരനായിരുന്ന നാഗാല്‍ പിന്നിലായിരുന്നു. താരങ്ങള്‍ പിന്മാറിയതോടെയാണു 130 റാങ്ക് വരെയുള്ളവരെ പരിഗണിച്ചത്.

മറ്റൊരു താരമായ യൂകി ഭാംബ്രി യോഗ്യത നേടിയെങ്കിലും ഒളിമ്പിക്സിനില്ലെന്നു വ്യക്തമാക്കി. ലോക റാങ്കിങ്ങില്‍ 127-ാം റാങ്കുകാരനാണു ഭാംബ്രി. കാല്‍മുട്ടിനേറ്റ പരുക്കാണു പിന്മാറാന്‍ കാരണം. ഇന്ത്യന്‍ താരത്തിന്റെ സീസണിലെ പ്രകടനം ആശാവഹമല്ല.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം ഉള്‍പ്പെടെ ഏഴ് ടൂര്‍ണമെന്റുകളില്‍ ഒന്നാം റൗണ്ടില്‍ തന്നെ നാഗാല്‍ പുറത്തായി. ചലഞ്ചര്‍ സീരിസുകളില്‍ ആറില്‍ മൂന്നെണ്ണത്തിലാണു ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചത്. അര്‍ജന്റീനയില്‍ മാര്‍ച്ചില്‍ നടന്ന എ.ടി.പി. 250 ഈവന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതാണ് ഏറ്റവും മികച്ച പ്രകടനം. 137-ാം റാങ്കുകാരനായി വര്‍ഷം ആരംഭിച്ച നാഗാല്‍ 154 ലേക്കു താണിരുന്നു. വിമ്പിള്‍ഡണ്‍ ടെന്നീസില്‍ മത്സരിക്കാതെ പിന്മാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →