മോഹൻലാലിനെ നായകനാക്കി കൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ആണ് പങ്കുവെച്ചിരിക്കുന്നത്.
ഡയറക്ടർ സാർ വീണ്ടും മോണിറ്ററിന് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് സുപ്രിയ മേനോൻ ഷൂട്ടിംഗ് ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രീകരണ അനുമതി ഇല്ലാത്തതിനാൽ തെലുങ്കാനയിൽ ആണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുക എന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ
കല്യാണി പ്രിയദർശൻ, മീന എന്നിവരാണ് നായികമാർ. തിരക്കഥ ശ്രീജിത്ത് എ ബിബിൻ ജോർജ്, ഛായാഗ്രഹകൻ അഭിനന്ദൻ രാമാനുജം, സംഗീതസംവിധാനം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, ഓഡിയോ ഗ്രാഫി പി എം ആർ രാജകൃഷ്ണൻ കൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.

