പാലക്കാട് : ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനാല്‍ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനും സംരക്ഷണം നല്കാന് വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചു. പത്തനംതിട്ട സ്വദേശിനി ശ്രുതി(24)യും കുഞ്ഞുമാണ് ദിവസങ്ങളായി ധോണിയില്‍ ഭര്തൃവീടിന്രെ വീട്ടില്‍ സിറ്റൗട്ടില്‍ താമസിക്കുന്നത്. യുവതിയെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞ കമ്മീഷന് അംഗം ഷിജി ശിവജി ഹേമാംബിക നഗര്‍ പോലീസിനും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കി.
ഇവരുടെ ഭര്‍ത്താവ് മനുകൃഷ്ണനെതിരെ മാനസിക പീഡനത്തിന് മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ ഗാര്‍ഹിക പീഡന നിയമ പ്രകാരം കേസെടുത്തിരുന്നു. ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നല്കാന് കോടതി നിര്‍ദ്ദേശമുണ്ട്. ഈമാസം ഒന്നിനാണ് പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരമറിഞ്ഞ് ഭര്‍ത്താവ് വീട് പൂട്ടിപ്പോയെന്നാണ് പരാതി. സമീപത്തെ വീടുകളില്‍ കഴിഞ്ഞ യുവതിയും കുഞ്ഞും പിന്നീട് വീടിന്റെ സിറ്റൗട്ടിലേക്ക് മാറി . വിവാഹ മോചനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു.

