സ്വയംപര്യാപ്തതയാകണം കോവിഡിന്റെ പാഠമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയാണ് കോഴിക്കോടുകാരന്‍ അബ്ദുള്‍ മജീദ്

കോഴിക്കോട്: സ്വയംപര്യാപ്തതയാകണം കോവിഡിന്റെ പാഠമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുകയാണ് കോഴിക്കോട്ടെ യു.പി. അബ്ദുള്‍ മജീദ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തു നിന്ന വിരമിച്ച അദ്ദേഹം നിര്‍മ്മിച്ചത് ഒരു മാതൃകാ കൃഷിത്തോട്ടമാണ്. പച്ചക്കറി മാത്രമല്ല പഴങ്ങള്‍, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എല്ലാമുണ്ട് കൃഷിയിടത്തില്‍. പാലും മീനും ഗ്യാസും മാത്രമല്ല വൈദ്യുതിയുമുണ്ട് ഇദ്ദേഹത്തിന്റെ സ്വാശ്രയ ലിസ്റ്റില്‍. ചെടിച്ചട്ടികളില്‍ തക്കാളികള്‍ പച്ചയും ചുവപ്പും, കാള കൊമ്പന്‍, ചെമ്പന്‍, നാടന്‍ വെണ്ടകള്‍ സമൃദ്ധമായുണ്ട് മുറ്റത്ത്. വിവിധ നിറങ്ങളില്‍ ആറിനം ചീരകള്‍, പച്ചമുളകും, വഴുതനയും, പയറും, അമരയും കയ്പക്കയും, വെള്ളരിയും, ഇളവനും, മത്തനും മാത്രമല്ല ഔഷധ സസ്യങ്ങളുമുണ്ട് തൊടിയില്‍. കുലച്ചതും കുലയ്ക്കാറായതുമായ വിവിധ ഇനങ്ങളിലുള്ള 200 ഓളം വാഴകള്‍.ഫല വൃക്ഷങ്ങളായ ചക്കയും, മാങ്ങയും, ബട്ടര്‍ഫ്രൂട്ടും, പാഷന്‍ ഫ്രൂട്ടും, കിഴങ്ങു ഗ്രാമം പദ്ധതിയില്‍ ലഭിച്ച ചേമ്പും, കാച്ചിലും, കൂര്‍ക്കയും വിളവെടുത്തു സൂക്ഷിച്ചത് കോവിഡ് കാലം ഭക്ഷ്യ സമൃദ്ധമാക്കി. മുക്കം കൃഷിഭവനില്‍ നിന്ന് ലഭിച്ച ഉമ നെല്‍വിത്ത് കരനെല്‍ കൃഷിക്ക് പ്രചോദനമായി. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നു കൊണ്ടുവന്ന ചോളം നല്കിയത് 100 മേനി വിളവ്. രണ്ടു വര്‍ഷം മുമ്പാരംഭിച്ച മത്സ്യ കൃഷി കോവിഡ് കാലത്ത് ഏറെ ഉപകരിച്ചു. 25,000 ലിറ്റര്‍ വെള്ളം സംഭരിച്ചാണ് മത്സ്യ കൃഷി. 700 ഓളം മത്സ്യങ്ങളുണ്ട് നിലവില്‍. പശുവളര്‍ത്തല്‍ പാലിനൊപ്പം ബയോഗ്യാസ് പ്ലാന്റിനും സഹായിക്കുന്നു. ചാണകത്തിനും വീട്ടുമാലിന്യങ്ങള്‍ക്കുമായി രണ്ട് ബയോഗ്യാസ് പ്ലാന്റുകളുമുണ്ട്. അത് പാചക വാതകത്തില്‍ സ്വയം പര്യാപ്തി നേടാന്‍ സഹായിച്ചു. 7 വര്‍ഷമായി ഗാര്‍ഹികോപയോഗത്തിനുണ്ട് സോളാര്‍ വൈദ്യുതി. 2013 ല്‍ അനര്‍ട്ട് നടപ്പാക്കിയ പദ്ധതിയുടെ ഗുണഭോക്താവായതിന്റെ മെച്ചം. കുളിമുറി ജലം സോപ്പിന്റെ അംശം മാറ്റി കൃഷിക്ക് ഉപയോഗിക്കാന്‍ ശ്രമം പുരോഗമിക്കുന്നു. ഏതു വേനലിലും ജല സമൃദ്ധി ഉറപ്പിക്കാന്‍ കിണര്‍ റിചാര്‍ജിങ് പദ്ധതിയും പുരോഗമിക്കുന്നു തരിശു നിലങ്ങള്‍ ഇവ്വിധം കൃഷി സമൃദ്ധമായാല്‍ അത് രക്ഷിക്കുക പ്രകൃതിയെ മാത്രമാവില്ല, മറിച്ച് നമ്മുടെ അനന്തര തലമുറകളെയും ആവാസ വ്യവസ്ഥയെ തന്നെ കൂടി ആയിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →